- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഹോസ്റ്റലിൽ സഹപാഠിക്ക് ദേഹോപദ്രവം ഏൽപ്പിച്ച കേസ്; ലോഹിതയുടെ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും
തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ സഹപാഠി ദീപികയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതി, സഹപാഠിയായ ഹോസ്റ്റൽ റൂം മേറ്റ് ലോഹിത (22) തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച ജാമ്യഹർജി ജൂൺ 5 (തിങ്കളാഴ്ച) പരിഗണിക്കും. ജാമ്യ ഹർജിയിൽ തിരുവല്ലം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി.ബാലകൃഷ്ണൻ ഉത്തരവിട്ടു.
ജാമ്യ ഹർജിയിലും പൊലീസ് റിപ്പോർട്ടിലും കോടതി തിങ്കളാഴ്ച വാദം കേൾക്കും. 2023 മെയ് 26 നാണ് കേരള സംസ്ഥാനത്തെ ലജ്ജിപ്പിക്കുന്ന സമാനതകളില്ലാത്ത ക്രൂരത അന്യ സംസ്ഥാനക്കാരിയായ സഹപാഠിയോട് അരങ്ങേറിയത്. 27 ന് അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിൽ കഴിയുന്ന ഏക പ്രതി ബി എസ് സി അഗ്രി. നാലാം വർഷ വിദ്യാർത്ഥിനി ലോഹിത സമർപ്പിച്ച ജാമ്യ ഹർജി തള്ളിയ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെ ജാമ്യം നിരസിക്കൽ ഉത്തരവുമായാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്. തിരുവല്ലം എസ് എച്ച് ഒ യായ സർക്കിൾ ഇൻസ്‌പെക്ടർ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശ് ചിറ്റൂർ നാദിയാല കാശിനായകം ക്ഷേത്രത്തിന് സമീപം കൊണ്ടുപ്പള്ളി സ്വദേശിനിയാണ് നിർധന കുടുംബാംഗമായ ദീപിക.
ക്രൂരതയുടെ വിശദാംശങ്ങൾ വിവരിച്ച ദീപികയുടെ പ്രഥമ വിവര മൊഴി പ്രകാരം തയ്യാറാക്കിയ പൊലീസ് എഫ് ഐ ആറിൽ പറയുന്നത് ഇപ്രകാരമാണ്. സമ്പന്ന കുടുംബാംഗമായ ലോഹിത റൂം മേറ്റായ നിർദ്ധനയായ ദീപികയെക്കൊണ്ട് പല ജോലികളും ഭീഷണിപ്പെടുത്തി ചെയ്യിക്കുമായിരുന്നു. സഹികെട്ട ദീപിക അനുസരിക്കാൻ വിസമ്മതിച്ചതോടെ ലോഹിത ദീപികയെ കൃത്യത്തിന് ഒരു മാസം മുമ്പു മുതൽ ശാരീരികമായി ഉപദ്രവിച്ചു വരികയായിരുന്നു. കൊന്നുകളയുമെന്ന് ലോഹിത ഭീഷണിപ്പെടുത്തിയിരുന്നതിനാൽ ദീപിക വിവരം പുറത്തു പറഞ്ഞിരുന്നില്ല.
കറിവച്ച ചൂടു പാത്രം ദീപികയുടെ മുഖത്ത് വയ്ക്കാൻ പ്രതി ലോഹിത ശ്രമിച്ചു. തല വെട്ടിച്ച് മാറ്റിയതിനാൽ കറിവീണ് ശരീര ഭാഗങ്ങൾ പൊള്ളി. വീണ്ടും കറിപ്പാത്രം ചൂടാക്കി വസ്ത്രം മാറ്റി പൊള്ളിച്ചു. പൊള്ളലേറ്റ മുറിവിൽ പ്രതി ലോഹിത മുളകുപൊടി വിതറി. എന്നതടക്കം എഫ്‌ഐആറിലാണ് ക്രൂരതയുടെ വിവരങ്ങൾ ഉള്ളത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്