തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നടന്ന യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ (യു.യു.സി) തെരഞ്ഞെടുപ്പ് ആൾമാറാട്ട കേസിൽ ഒന്നാം പ്രതി കോളേജ് പ്രിൻസിപ്പൽ ജി.ജെ. ഷൈജുവിന്റെ അറസ്റ്റ് ജൂൺ 9 വരെ വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കേസ് ഡയറി ഫയൽ 9 ന് ഹാജരാക്കാനും ജില്ലാ കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി പ്രസുൻ മോഹനാണ് ഹർജി പരിഗണിക്കുന്നത്. മുൻകൂർ ജാമ്യഹർജിയിൽ 9 ന് വിശദവാദം കേൾക്കും. പ്രിൻസിപ്പൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കവേയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. യു.യു.സി ( യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ) തെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ വിജയിച്ച എ.എസ്. അനഘക്ക് പകരം വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തി വിശാഖിന്റെ പേര് യൂണിവേഴ്‌സിറ്റി രജിസ്ട്രാർക്ക് പ്രിൻസിപ്പാൾ നൽകിയെന്നാണ് കേസ്.

2022 ഡിസംബർ 22 ന് കോളേജിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ പാനലിലെ എ.എസ്. അനഘയും ആരോമലുമാണ് വിജയിച്ചത്. എന്നാൽ യൂണിവേഴ്‌സിറ്റിക്കയച്ച പട്ടികയിൽ അനഘയെ വെട്ടി മത്സരിക്കാത്ത രണ്ടാം പ്രതി എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ. വിശാഖിന്റെ പേര് വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തി തിരുകിക്കയറ്റി സർവകലാശാലയെയും യഥാർത്ഥത്തിൽ ജയിച്ച അനഘയെയും വഞ്ചിച്ചുവെന്നുമാണ് കേസ്. ഒന്നാം പ്രതിയുടെ മുൻകൂർ ജാമ്യഹർജിയിൽ ജൂൺ 3 നകം പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ കൂട്ടാക്കട സിഐയോട് കോടതി ഉത്തരവിട്ടിരുന്നു.