തിരുവനന്തപുരം: 500 രൂപയുടെ കൈക്കൂലി കേസിൽ കൊല്ലം എഴുകോൺ സീനിയർ സിവിൽ പൊലീസ് ഓഫിസറെ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തു. വിജിലൻസ് ജഡ്ജി രാജകുമാരയാണ് പ്രതിയെ 14 ദിവസത്തേക്ക് ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തത്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങിയെന്നാണ് വിജിലൻസ് കേസ്. കൊല്ലം എഴുകോൺ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രദീപ് കുമാറിനെയാണ് കഴിഞ്ഞ ദിവസം വിജിലൻസ് പിടികൂടിയത്.'

പരാതിക്കാരനായ എഴുകോൺ സ്വദേശി കമ്പോഡിയയിൽ പോകുന്നതിന് മെയ് 25 ന് ഓൺലൈനായി പാസ്പോർട്ട് ഓഫീസ് മുഖേന അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ഓഫിസിൽ നിന്നും പരാതിക്കാരൻ താമസിക്കുന്ന എഴുകോൺ പൊലീസ് സ്റ്റേഷനിലേക്ക് അപേക്ഷ പരിശോധിച്ച് എൻ.ഐ.ഒ (നോൺ ഇൻവോൾമെന്റ് ഇൻ ഒഫൻസ് ) ( അപേക്ഷകൻ കേസിൽ ഉൾപ്പെട്ടിട്ടില്ല) എന്ന സർട്ടിഫിക്കറ്റ് ലഭ്യമാക്കാനായി അപേക്ഷ അയച്ചു കൊടുത്തു. പരിശോധിച്ച് റിപോർട്ട് നൽകാൻ സിനിയർ സിവിൽ പൊലീസ് ഓഫിസറായ പ്രദീപിനെ സർക്കിൾ ഇൻസ്പെക്ടർ ഏൽപിച്ചു.

തുടർന്ന് പ്രദീപ് മൂന്ന് ദിവസങ്ങൾക്ക് മുൻപ് പരാതിക്കാരന്റെ വീട്ടിലെത്തി സർട്ടിഫിക്കറ്റ് വാങ്ങി പരിശോധിച്ച ശേഷം വെള്ളിയാഴ്ച സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്റ്റേഷനിൽ എത്തിയ പരാതിക്കാരനോട് ചില ചടങ്ങുകളൊക്കെയുണ്ടെന്നും വേണ്ട രീതിയിൽ കണ്ടാലേ സർട്ടിഫിര്രറ്റ് കിട്ടുകയുള്ളൂ എന്നും അറിയിച്ചു.

തുടർന്ന് ശനിയാഴ്ച രാവിലെ പരാതിക്കാരനെ ഫോണിൽ വിളിച്ച് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേഷനിൽ എത്തിയപ്പോൾ 'അത് തരാതെ നടക്കില്ല' എന്ന് ഉറപ്പിച്ചു പറഞ്ഞു. ഗത്യന്തരമില്ലാതെ ഈ വിവരം പരാതിക്കാരൻ വിജിലൻസ് തെക്കൻ മേഖല പൊലീസ് സൂപ്രണ്ട് ജയശങ്കറിനെ അറിയിച്ചു.

അദ്ദേഹത്തിന്റെ നിർദേശ പ്രകാരം കൊല്ലം വിജിലൻസ് യൂണിറ്റ് ഡി വൈ എസ് പി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കി വൈകിട്ട് ആറു മണിയോടെ എഴുകോൺ പൊലീസ് സ്റ്റേഷനിൽ വെച്ചു പരാതിക്കാരനിൽ നിന്ന് 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ്രദീപിനെ കയ്യോടെ പിടികൂടിയെന്നാണ് കേസ്.