തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നടന്ന യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ (യു.യു.സി) തെരഞ്ഞെടുപ്പ് ആൾമാറാട്ട കേസിൽ ഒന്നാം പ്രതി കോളേജ് പ്രിൻസിപ്പൽ ജി.ജെ. ഷൈജുവിന്റെ ജാമ്യഹർജിയിൽ ജൂൺ 15 ന് ഉത്തരവ് പറയും. ജൂൺ 9 വരെ അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ഉത്തരവ് 15 വരെ നീട്ടി. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി പ്രസുൻ മോഹനാണ് ഹർജി പരിഗണിക്കുന്നത്. ഇരു ഭാഗം വാദം കേട്ട ശേഷമാണ് വിധി പറയാൻ മാറ്റിയത്.

യു.യു.സി( യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ) തെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ വിജയിച്ച എ.എസ്. അനഘക്ക് പകരം വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തി വിശാഖിന്റെ പേര് യൂണിവേഴ്‌സിറ്റി രജിസ്ട്രാർക്ക് പ്രിൻസിപ്പൾ നൽകിയെന്നാണ് കേസ്. 2022 ഡിസംബർ 22 ന് കോളേജിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ പാനലിലെ എ.എസ്. അനഘയും ആരോമലുമാണ് വിജയിച്ചത്.

എന്നാൽ യൂണിവേഴ്‌സിറ്റിക്കയച്ച പട്ടികയിൽ അനഘയെ വെട്ടി മത്സരിക്കാത്ത രണ്ടാം പ്രതി എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ. വിശാഖിന്റെ പേര് വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തി തിരുകിക്കയറ്റി സർവകലാശാലയെയും യഥാർത്ഥത്തിൽ ജയിച്ച അനഘയെയും വഞ്ചിച്ചുവെന്നുമാണ് കേസ്. ഒന്നാം പ്രതിയുടെ മുൻകൂർ ജാമ്യഹർജിയിൽ ജൂൺ 3 നകം പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ കൂട്ടാക്കട സിഐയോട് കോടതി ഉത്തരവിട്ടിരുന്നു.