തിരുവനന്തപുരം: വർക്കലയിൽ ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി എയർ പിസ്റ്റളും വടിവാളും ഇരുമ്പു ദണ്ഡും കൊണ്ട് നരഹത്യ ചെയ്യാൻ ശ്രമിച്ച കേസിൽ 4 പേർക്കെതിരെ വർക്കല ഡിവൈഎസ്‌പി കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.വി.ബാലകൃഷ്ണൻ മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. പട്ടികജാതി, പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമ ,പ്രകാരമുള്ള കേസ് വിചാരണ ചെയ്യാൻ അധികാര പരിധിയുള്ള ജില്ലയിലെ ഏക സ്‌പെഷ്യൽ കോടതിയായതിനാലാണ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ ഡി വൈ എസ് പി നേരിട്ട് കുറ്റപത്രം സമർപ്പിച്ചത്.

വർക്കല ബാർ ഹോട്ടലിൽ നടന്ന അക്രമത്തിൽ ബാർ ജീവനക്കാരന് പരിക്കേറ്റതിൽ പൊലീസിൽ പരാതി നൽകി കേസെടുത്തതിലുള്ള വൈരാഗ്യത്തിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വർക്കലയിലെ ഓട്ടോ ഡ്രൈവറായ ദളിത് യുവാവിനെ വാനിൽ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളിലായെത്തിച്ച് ഇരുമ്പ് ദണ്ഡും എയർ പിസ്റ്റലും വടിവാളും ഉപയോഗിച്ച് ക്രൂരമായി മർദിച്ച സംഭവത്തിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

വർക്കല വെട്ടൂർ മൗണ്ട്മുക്ക് തണ്ണിവിള വീട്ടിൽ കാവു എന്ന മുഹമ്മദ് താഹിർ (25), ചെറുന്നിയൂർ ദാറുൽ ഹുദായിൽ റിജീസ് (39), താഴെവെട്ടൂർ അരിവാളം കുന്നുംപുറം വീട്ടിൽ സുൽത്താൻ (24), അരിവാളം കുന്നുംപുറം വീട്ടിൽ ജവഹർ (29) എന്നിവരെ 1 മുതൽ 4 വരെ പ്രതി വർഗ്ഗത്തിൽ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. 2023 ജനുവരി 6 നാണ് പ്രതികളെ പിടികൂടിയത്. മേൽവെട്ടൂർ അമ്മൻനട സ്വദേശി വിനോദിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്.

2022 ഡിസംബർ എട്ടിന് രാത്രിയായിരുന്നു സംഭവം. മേൽവെട്ടൂർ ജങ്ഷനിലെ കടയിലെത്തിയ വിനോദിനെ സുഹൃത്തായ റിജീസടങ്ങുന്ന നാലംഗ സംഘം അനുനയത്തിൽ മാരുതി വാനിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. വാനിലിട്ടും ഊറ്റുകുഴി, വിളംഭാഗം, നരിക്കല്ല്, കാറാത്തല എന്നിവിടങ്ങളിൽ കൊണ്ടുപോയും ആയുധങ്ങളുപയോഗിച്ച് മർദിച്ചു. തോക്ക് കഴുത്തിൽ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശനായ വിനോദിനെ പിന്നീട് സംഘം ഉപേക്ഷിച്ചു കടക്കുകയായിരുന്നു. തുടർന്ന് വിനോദ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

വർക്കലയിലെ ഒരു ബാറിലെ അക്രമസംഭവങ്ങളുടെ തുടർച്ചയാണ് മർദനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ആറുമാസം മുമ്പ് ബാറിൽ വിനോദും മുഹമ്മദ് താഹിറുമായി വഴക്കുണ്ടായിരുന്നു. ഇതിലിടപെട്ട ബാറിലെ ജീവനക്കാരിലൊരാൾക്ക് പരിക്കേറ്റു. ഇതിൽ പൊലീസിൽ പരാതി നൽകി കേസെടുത്തതിലുള്ള വൈരാഗ്യത്തിലാണ് വിനോദിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്. ഒളിവിലായിരുന്ന പ്രതികളെ വർക്കല ഡിവൈ.എസ്‌പി. പി.നിയാസിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ആക്രമിക്കാനുപയോഗിച്ച ഇരുമ്പ് ദണ്ഡും എയർ പിസ്റ്റലും വടിവാളും പൊലീസ് കണ്ടെടുത്തത് തൊണ്ടി മുതലുകളായി മുദ്രപ്പടി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.