- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടപ്പുരോഗിയായ സഹോദരനെ കുത്തിക്കൊന്നത് സ്വത്ത് തട്ടിയെടുക്കാൻ; ചികിത്സാ ചെലവ് താങ്ങാതെ കടുംകൈ എന്നും പ്രതിയായ മൃഗഡോക്ടറുടെ മൊഴി; കേസ് ഇനി തിരുവനന്തപുരം സെഷൻസ് കോടതിയിൽ
തിരുവനന്തപുരം: വർക്കല മേൽവെട്ടൂരിൽ കുടുംബ സ്വത്തു തട്ടിയെടുക്കാൻ കിടപ്പുരോഗിയായ യുവാവിനെ സഹോദരനായ കട്ടപ്പന ഗവ: മൃഗ ഡോക്ടർ കുത്തിക്കൊന്ന കേസിൽ കുറ്റപത്രവും അനുബന്ധ രേഖകളും തൊണ്ടിമുതലുകളും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലെത്തി. വിചാരണ ഉടൻ ആരംഭിക്കും. വർക്കല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസട്രേട്ട് കോടതിയാണ് കേസ് റെക്കോർഡുകൾ കേസ് ലിസ്റ്റ് തയ്യാറാക്കി കമ്മിറ്റൽ ഓർഡർ സഹിതം ജില്ലാ കോടതിക്ക് സമർപ്പിച്ചത്.
4 വർഷത്തോളമായി ചികിത്സിച്ചു മുടിയുന്നതിനാലും, സ്വത്തിന് വേണ്ടിയും മദ്യലഹരിയിൽ കുത്തിക്കൊന്നുവെന്നാണ് കേസ്. മേൽവെട്ടൂർ സ്വദേശി സന്ദീപ് (47) ആണ് കുത്തേറ്റ് മരിച്ചത്. 2022 സെപ്റ്റംബർ 22 വെളുപ്പിന് ഒന്നര മണിയോടെയാണ് സംഭവം. സന്ദീപിനെ സഹോദരൻ കട്ടപ്പന ഗവ: വെറ്റിനറി ഡോക്ടർ കൂടിയായ സന്തോഷ് (49) കുത്തി കൊല്ലുകയായിരുന്നു. ഏക ദൃക്‌സാക്ഷി ഔട്ട് ഹൗസിലെ കൂട്ടിരുപ്പു ശുശ്രൂഷകൻ സത്യദാസാണ്.
കത്തി കൊണ്ട് നെഞ്ചിൽ കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സന്തോഷിനെ പൊലീസ് വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാൾ സന്ദീപ് താമസിക്കുന്ന ഔട്ട് ഹൗസിൽ അതിക്രമിച്ചു കടക്കുകയും സന്ദീപിന്റെ തൊണ്ടയിലൂടെ ആഹാരം നൽകുന്നതിനായി ഉള്ള പൈപ്പ് ഇട്ടിരുന്നത് വലിച്ചെടുക്കാൻ ശ്രമിക്കുകയും അക്രമസക്തനാവുകയും ചെയ്തു. ഇത് കണ്ട് ഭയന്ന, സന്ദീപിനെ ശുശ്രൂഷിക്കുന്ന സത്യദാസ് ആണ് വിവരം പൊലീസിൽ അറിയിച്ചത്. കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് സന്തോഷ് സന്ദീപിന്റെ നെഞ്ചിൽ കുത്തിയിറക്കുകയായിരുന്നു
കത്തി പൂർണ്ണമായും നെഞ്ചിൽ ആഴ്ന്നിറങ്ങിയിട്ടുള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഡോക്ടറുടെ മൊഴിയിലുമുണ്ട്. പൊലീസ് സ്ഥലത്തെത്തി സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പാങ്ങോട് മിലിറ്ററി ഹോസ്പിറ്റലിൽ ജോലിയിൽ ഇരിക്കവേ ഫിറ്റ്‌സ് വന്ന് നാല് വർഷത്തോളമായി സന്ദീപ് കിടപ്പ് രോഗിയാണ്. ഇദ്ദേഹത്തിന്റെ സഹോദരൻ സന്തോഷ് വെറ്റിനറി ഡോക്ടർ ആയി കട്ടപ്പനയിൽ ജോലി ചെയ്ത് വരികയായിരുന്നു.
സന്തോഷ് സ്ഥിരമായി മദ്യപിച്ചു ജോലിക്കെത്തുകയും തുടർന്ന് സസ്പെൻഷനിൽ ആവുകയുമായിരുന്നു. സന്ദീപ് അവിവാഹിതനാണ്. കിടപ്പ് രോഗിയായ സന്ദീപിനെ സത്യദാസ് ആണ് വർഷങ്ങളായി ശുശ്രുഷിച്ചു വരുന്നത്. സന്ദീപിന്റെ മാതാവ് സോമലത സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നു. പിതാവ് സുഗതൻ വർഷങ്ങൾക്ക് മുന്നേ മരണപ്പെട്ടിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്