- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹന അപകട മരണം; വിചാരണക്കായി കഴക്കൂട്ടം പൊലീസുദ്യോഗസ്ഥർ ഹാജരാകാൻ ഉത്തരവ്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹനാപകട മരണക്കേസിൽ വിചാരണക്കായി ഏഴും എട്ടും സാക്ഷികളായ കഴക്കൂട്ടം പൊലീസുദ്യോഗസ്ഥർ ജൂലൈ 21 ന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവിട്ടു. വിചാരണ കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ഷിബു ഡാനിയേലിന്റേതാണുത്തരവ്.
പൊലീസിൽ വിവരമറിയിച്ച ഒന്നാം സാക്ഷിയെ വിസ്തരിക്കുകയും എഫ് ഐ ആറും പ്രഥമ വിവരമൊഴിയും ഒന്നും രണ്ടും കോടതി രേഖകളാക്കി തെളിവിൽ സ്വീകരിക്കുകയും ചെയ്തു. നിലവിലെ ഏക പ്രതിയായ കാർ ഡ്രൈവർ അർജുൻ. കെ. നാരായണൻ എന്ന അപ്പുവിന് മേൽ കോടതി വിചാരണക്കു മുന്നോടിയായി കുറ്റം ചുമത്തിയിരുന്നു. ഉപേക്ഷാ പൂർവ്വമായി വാഹനമോടിച്ച് മരണം സംഭവിപ്പിച്ചുവെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 (എ) കുറ്റമാണ് കോടതി ചുമത്തിയത്.
കൊലപാതക സാധ്യതകൾ കോടതി തള്ളിയിരുന്നു. തുടരന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി 2022 ജൂലൈയിൽ പ്രതിക്ക് മേൽ കുറ്റം ചുമത്താൻ ഉത്തരവ് പുറപ്പെടുവിച്ചത്. തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഉണ്ണിയും മാതാവ് ശാന്തകുമാരിയും കലാഭവൻ സോബിയും സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെ സി ബി ഐ സമർപ്പിച്ച കൗണ്ടർ ആക്ഷേപം സ്വീകരിച്ചാണ് തലസ്ഥാനത്തെ വിചാരണ കോടതി ഉത്തരവ്. സാക്ഷി വിസ്താര വിചാരണയിൽ പുതിയ തെളിവുകളോ സാക്ഷിമൊഴികളോ വന്നാൽ അപ്പോൾ കൂടുതൽ പേരെ പ്രതിചേർക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. അതിന് ഈ ഉത്തരവ് തടസ്സമാകില്ലെന്നും സിജെഎം ആർ. രേഖ വ്യക്തമാക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്