- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാന നഗരത്തിലെ മോഷണ പരമ്പര: പ്രതി സമ്പത്തി ഉമ പ്രസാദിന് പ്രൊഡക്ഷൻ വാറണ്ട്; പ്രതിയെ ജൂലൈ 10 ന് കോടതിയിൽ ഹാജരാക്കണം
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മോഷണ പരമ്പരയിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്ധ്രാപ്രദേശ് സ്വദേശി സമ്പത്തി ഉമാ പ്രസാദിന് പ്രൊഡക്ഷൻ വാറണ്ട് അയക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി. ഉത്തരവിട്ടു. പ്രതിയെ ജൂലൈ 10 ന് കോടതിയിൽ ഹാജരാക്കാൻ ജില്ലാ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. പ്രതിയെ ചോദ്യം ചെയ്ത് മോഷണ തൊണ്ടി മുതലുകൾ വീണ്ടെടുക്കുന്നതിനും തെളിവു ശേഖരണത്തിനും പ്രതിയെ 5 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.
നഗരത്തിന്റെ വിവിധ കോണുകൾ ഗൂഗിളിൽ തെരഞ്ഞ് മനസിലാക്കിയ ശേഷമാണ് സമ്പത്തി ഉമാപ്രസാദ് തിരുവനന്തപുരത്ത് മെയ് 28ന് വിമാനമിറങ്ങിയത്. പഴവങ്ങാടി ഫോർട്ട് വ്യൂ ഹോട്ടലിൽ റൂമെടുത്ത ശേഷം ആദ്യം പത്മനാഭസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തി. കോവളം,ശംഖുംമുഖം,വേളി,മ്യൂസിയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ചുറ്റിയടിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് ലൊക്കേഷനുകൾ മനസിൽ പതിച്ചതായും പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നതായും പ്രതി ചെയ്ത മോഷണകൃത്യങ്ങൾ പ്രതി സമ്മതിച്ച് മൊഴി നൽകിയതായും കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു
ജൂൺ രണ്ടിന് ആന്ധ്രയിലേക്ക് മടങ്ങിയ ഉമാപ്രസാദ് മൂന്ന് ദിവസം കഴിഞ്ഞ് ആറാം തീയതി വ്യക്തമായ പദ്ധതികളോടെ തിരികെയെത്തി. ജൂൺ 19ന് ഫോർട്ട് സ്റ്റേഷൻ പരിധിയിൽ വാഴപ്പള്ളിയിലെ രത്‌നമ്മയുടെ വീട്ടിലായിരുന്നു ആദ്യ മോഷണം. 24ന് മൂലവിളാകത്ത് കോമത്ത് മോഹനന്റെ വീട്ടിൽ രണ്ടാമത്തെയും 28ന് മണക്കാട് നജാബിന്റെ വീട്ടിൽ മൂന്നാമത്തെയും മോഷണം നടത്തി. ദൗത്യം പൂർത്തിയാക്കി ജൂലായ് ഒന്നിനായിരുന്നു മടക്കം. പിടിക്കപ്പെടാത്ത സ്ഥിതിക്ക് താൻ സുരക്ഷിതനാണെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് കൂടുതൽ മോഷണം നടത്തണമെന്നും ഉമാപ്രസാദ് പദ്ധതിയിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് 5 ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയത്. എന്നാൽ കേരള പൊലീസ് രഹസ്യമായി നടത്തിയ നീക്കം ഉമാപ്രസാദിന്റെ പദ്ധതികളെ തകിടംമറിച്ചു.
ചാക്ക ബൈപ്പാസിൽ അനന്തപുരി ആശുപത്രിക്ക് എതിർവശമുള്ള ഫ്‌ളൈഓവറിന്റെ തൂണുകൾക്കരികെയാണ് കവറിൽ 5.27 ലക്ഷം രൂപയുടെ സ്വർണവും വജ്രവും ഉമാപ്രസാദ് സൂക്ഷിച്ചത്. ഒരാഴ്ച അടുപ്പിച്ച് ആഭരണങ്ങൾ ഇവിടെയിരിപ്പുണ്ടായിരുന്നു. രാവിലെ വിമാനത്താവളത്തിൽ നിന്ന് പ്രതിയുമായി പൊലീസ് ഇവിടേക്കാണ് ആദ്യമെത്തിയത്. വിലപിടിപ്പുള്ള സ്വർണവും വജ്രവും സൂക്ഷിച്ചിരുന്ന സ്ഥലം കണ്ട് പലരും അമ്ബരന്നു. മോഷണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ചെറിയ സ്യൂട്ട്കേസിൽ പാലത്തിന് താഴെയാണ് സൂക്ഷിച്ചിരുന്നതെന്ന് പേട്ട സിഐ സാബു.ബി പറഞ്ഞു.
വിമാനത്തിലാണ് വരവെങ്കിലും നഗരം ചുറ്റാൻ ഉമാപ്രസാദിന് ഇഷ്ടം ഓട്ടോയാണ്. ഊടുവഴികളിലൂടെയടക്കം സഞ്ചരിക്കാൻ ഓട്ടോ വഴി സാധിക്കും. പകൽ ഓട്ടോ പിടിച്ച് നഗരം മുഴുവൻ കറങ്ങും.മോഷണത്തിന് അനുയോജ്യമായ പ്രദേശവും വീടുകളും കണ്ടുപിടിക്കുകയാണ് ലക്ഷ്യം.രാത്രി ഒമ്ബതര ആകുന്നതോടെ കണ്ടുപിടിച്ച വീടിനടുത്തെത്തി പതുങ്ങിയിരിക്കും.എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് തുടർചലനങ്ങൾ.
മൂന്നാം വയസ് മുതൽ മോഷണങ്ങൾ ഉമാപ്രസാദിന്റെ ഹോബിയാണ്.അന്നേ ആഭരണങ്ങളോടാണ് ഇഷ്ടം. കുറ്റവാസനയുള്ള ഉമാപ്രസാദ് എങ്ങനെ ഖമ്മം പൊലീസ് സ്റ്റേഷനിൽ കയറിപ്പറ്റിയെന്നതാണ് കൗതുകം. സ്റ്റേഷനിലെ പാർട് ടൈം ജീവനക്കാരനായിരുന്ന ഇയാൾ ജീവനക്കാരുടെ വിശ്വസ്തനായിരുന്നു.പൊലീസ് സ്റ്റേഷനിലെ രഹസ്യങ്ങളെല്ലാം അറിയാമായിരുന്ന ഉമാപ്രസാദ് അതും മുതലാക്കി. പത്തോളം ആഭരണ മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചും മോഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. മോഷ്ടിക്കുന്നസ്വർണം പണയം വച്ച് കിട്ടുന്ന പണമാണ് വരുമാനം. വിമാനയാത്രയ്ക്കടക്കം ചെലവാക്കുന്നതും ഈ തുകയാണ്.
പേട്ട മൂലവിളാകത്തെ വീട്ടിൽ തലയിൽ തൊപ്പിയും മുഖത്ത് മാസ്‌കും കൈയുറയും ധരിച്ചായിരുന്നു കവർച്ച. മോഷണം നടന്ന വീട്ടിലെ ക്യാമറയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.ഷോർട്‌സും ഫുൾകൈ ടീ ഷർട്ടുമായിരുന്നു വേഷം.എന്നാൽ മോഷ്ടാവിന്റെ മുഖം പൂർണമായും മറച്ച നിലയിലായതിനാൽ പ്രതിയെ പിടികൂടാൻ ബുദ്ധിമുട്ടി. വീട് പൂട്ടി കോവളത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയ ഗൃഹനാഥനും ഭാര്യയും പിറ്റേദിവസം മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡുമെല്ലാം പരിശോധന നടത്തിയെങ്കിലും തുമ്‌ബൊന്നും ലഭിച്ചില്ല. മതിൽ ചാടിക്കടന്ന് വീട്ടിലെ കോമ്ബൗണ്ടിലെത്തിയ മോഷ്ടാവ് സി.സി ടി.വി ക്യാമറയിലേക്ക് നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് ജനൽക്കമ്പി വളച്ച് വീട്ടിൽ കടന്നശേഷം ക്യാമറ സിസ്റ്റം ഓഫ് ചെയ്ത ശേഷമാണ് മോഷണം നടത്തി കടന്നത്. കിടപ്പുമുറിയിലെ ഇരുമ്പ് അലമാര കുത്തിപ്പൊളിച്ചായിരുന്നു മോഷണം.സ്വർണാഭരങ്ങൾ സൂക്ഷിച്ചിരുന്ന അലമാരയിൽ 12,000 രൂപ ഉണ്ടായിരുന്നെങ്കിലും അത് നഷ്ടപ്പെട്ടില്ല.അകത്തുകടന്ന മോഷ്ടാവ് അടുക്കള വാതിലിലൂടെയാണ് രക്ഷപ്പെട്ടത്. വളർത്തുനായയുള്ള വീടാണിത്.
മണക്കാട് നജാബിന്റെ വീട്ടിൽ നടന്ന മോഷണത്തിൽ ആഭരണങ്ങൾക്കൊപ്പം സി.സി ടി.വി ബോക്സും കൊണ്ടുപോയി. മകന്റെ അഡ്‌മിഷനുമായി ബന്ധപ്പെട്ട് ജൂൺ 25 മുതൽ തൃശൂരിലായിരുന്ന നജാബും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.മോഷണദൃശ്യം പതിഞ്ഞ ക്യാമറ തുണികൊണ്ട് മറച്ച ശേഷം സി.സി.ടി.വി ബോക്സ് കള്ളൻ കൊണ്ടുപോവുകയായിരുന്നു. അന്നേ മൂലവിളാകത്തെ കള്ളൻ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പിന്നാലെയാണ് പേട്ടയിലെയും ഫോർട്ടിലെയും പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായുള്ള അന്വേഷണം ആരംഭിച്ചത്.പേട്ട സിഐ സാബു.ബി,ഫോർട്ട് സിഐ രാകേഷ്.കെ, തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് എസ്‌ഐ ഉമേഷ്, പേട്ട എസ്‌ഐ അഭിലാഷ്,ഫോർട്ട് എസ്‌ഐമാരായ വിനോദ്,സാബു,തിരുവനന്തപുരം സിറ്റി ഷാഡോ ടീം സിവിൽ പൊലീസ് ഓഫീസർമാരായ ദീപു,രാജീവ്,രഞ്ജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
മൂന്ന് വർഷം മുമ്പ് ഇരുപതാം വയസിൽ താൻ എവറസ്റ്റ് കീഴടക്കാൻ ശ്രമം നടത്തിയിരുന്നുവെന്നും മുഴുവൻ കയറാൻ പറ്റിയില്ലെന്നുമാണ് ഉമാപ്രസാദ് പൊലീസിനോടു പറഞ്ഞത്. പറയുന്നതൊന്നും മുഴുവൻ വിശ്വസിക്കുന്നില്ലെന്ന് കമ്മിഷണർ നാഗരാജു പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്