തിരുവനന്തപുരം : പേരൂർക്കട അമ്പലമുക്ക് ചെടി വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് സംഭവ സ്ഥലത്തേയും പ്രതി സഞ്ചരിച്ച വഴികളിലെയും സി. സി. ടി. വി ദൃശ്യങ്ങൾ നൽകണമെന്ന് കോടതി. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. പി. അനിൽ കുമാറാണ് ദൃശ്യങ്ങൾ നൽകാൻ പ്രോസിക്യൂഷനോട് നിർദ്ദേശിച്ചത്.

ന്യായ വിചാരണക്ക് പ്രോസിക്യൂഷൻ ആശ്രയിക്കുന്ന റെക്കോഡുകളുടെ പകർപ്പ് പ്രതിക്ക് ലഭിക്കാൻ അർഹതയുണ്ടെന്ന നിയമ വ്യവസ്ഥ പ്രകാരമാണ് കോടതി ഉത്തരവ്. നെടുമങ്ങാട് കരിപ്പൂർ പുലിപ്പാറ സ്വദേശിനി വിനീതയെയാണ് കന്യാകുമാരി തോവാള വെള്ളാമടം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ കുത്തി കൊലപ്പെടുത്തിയത്.

കേസിലെ 10 ഓളം സാക്ഷികളുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിനീതയുടെ ധരിച്ചിരുന്ന നാലര പവൻ തൂക്കമുള്ള സ്വർണ്ണമാല കവർന്ന് എടുക്കുന്നതിനാണ് രാജേന്ദ്രൻ പട്ടാപകൽ നഗര മധ്യത്തിൽ വച്ച് വിനീതയെ കൊലപ്പെടുത്തിയത്.

കോവിഡ് മഹാമാരിയുടെ മൂർദ്ധന്യ അവസ്ഥയിൽ നഗരം കടുത്ത പൊലീസ് സുരക്ഷയിലായിരുന്ന 2022 ഫെബ്രുവരി ആറിനായിരുന്നു കൊലപാതകം. ചെടിച്ചട്ടി വാങ്ങാൻ എന്ന വ്യാജേന കടയിൽ എത്തിയ രാജേന്ദ്രൻ വിനീതയെ കൊലപ്പെടുത്തി അവരുടെ മാല കൈവശപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്ന് ഓട്ടോ റിക്ഷയിൽ മുട്ടട വയലിക്കട റോഡിലെ സർക്കാർ പൊതു കുളത്തിന് സമീപം ഇറങ്ങിയ പ്രതി രക്തം പുരണ്ട ഷർട്ട് കുളത്തിലുപേക്ഷിച്ചു.

ഷർട്ടിനടിയിൽ ധരിച്ചിരുന്ന ടീ ഷർട്ട് ധരിച്ച് ഒരു സ്‌കൂട്ടറിൽ ലിഫ്റ്റ് അടിച്ച് ഉള്ളൂർ ഭാഗത്തേക്ക് പോയി. അവിടെ നിന്ന് ഓട്ടോറിക്ഷയിൽ രാജേന്ദ്രൻ ജോലി നോക്കിയിരുന്ന പേരൂർക്കടയിലെ കുമാർ ഹോട്ടലിൽ എത്തി. ഇലക്ട്രിക് ചിരവയിൽ വച്ച് കൈ മുറിച്ച ശേഷം ഹോട്ടലുടമയോട് ചികിത്സക്കെന്ന് പറഞ്ഞ് അവധിയെടുത്ത് തമിഴ് നാട്ടിലേക്ക് പോയി. തമിഴ്‌നാട് തിരുനെൽവേലിക്ക് സമീപം കാവൽ കിണറിലെ ലോഡ്ജ് മുറിയിൽ നിന്നാണ് പൊലീസ് പിന്നീട് പ്രതിയെ പിടികൂടിയത്.