തിരുവനന്തപുരം: കഠിനംകുളത്ത് ഒഡീഷ സ്വദേശി ബിപിൻ മഹാപാത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ബലിയാ നായക്കിനെ കുറ്റക്കാരനെന്ന് തലസ്ഥാന വിചാരണ കോടതി കണ്ടെത്തി. ശിക്ഷാവിധി നാളെ) (ജൂലൈ15ന് ) പ്രഖ്യാപിക്കും. വിധി പ്രസ്താവം കേൾക്കാൻ പ്രതിയെ രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് കോടതി പ്രൊഡക്ഷൻ വാറണ്ടുത്തരവ് നൽകി.

തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ജി. രാജേഷാണ് വിധി പ്രസ്താവിക്കുന്നത്. കേസ് വിചാരണയിൽ നടന്ന സാക്ഷി വിസ്താരത്തിൽ കോടതി മുമ്പാകെ വന്ന പ്രതിയെ കുറ്റപ്പെടുന്ന 16 വായ് മൊഴിതെളിവുകളുടെയും 22 രേഖാമൂലമുള്ള തെളിവുകളുടെയും തെളിവിൽ സ്വീകരിച്ച 7 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിൽ കോടതി നേരിട്ട് തയ്യാറാക്കിയ ചോദ്യാവലി പ്രകാരം പ്രതിയെ ചോദ്യം ചെയ്തിരുന്നു. ജാമ്യം നിരസിക്കപ്പെട്ട് തടവറക്കുള്ളിൽ കഴിയുന്ന പ്രതിയെ ഹാജരാക്കാനാണ് കോടതി ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടുത്തരവ് നൽകിയത്.

ഒഡീഷ നയാഗർഹ് ജില്ലയിൽ ഗോലഗോള ഖണ്ഡുഗ്വാൺ സ്വദേശി അച്യൂത് നായക് മകൻ ബിലിയനായക് (26) ആണ് വിചാരണ നേരിട്ടത്. പ്രതി ഒളിവിൽ പോകുമെന്ന് നിരീക്ഷിച്ച് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലിട്ട് വിചാരണ ചെയ്യാൻ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു. പ്രതിക്ക് ജാമ്യം നിരസിച്ച് കൽതുറുങ്കിലിട്ടാണ് പ്രതിയെ വിചാരണ ചെയ്തത് . ഗൗരവമേറിയ കുറ്റകൃത്യത്തിലുൾപ്പെട്ട അന്യ സംസ്ഥാനക്കാരനായ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിരസിച്ചത്.

ഒഡീഷക്കാരായ ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ച മേനംകുളം കഠിനംകുളത്തെ വീട്ടിൽ 2018 ഡിസംബർ 23 ന് രാത്രി 9.30 മണിക്കാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ബിപിൻ മഹാപാത്രയോടും പ്രതി ബിലാ നായക്കിനുമൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി പ്രദിപ്ത കുമാർ ജേന (30) പാചകം ചെയ്യുന്ന ഭക്ഷണം മോശമാണെന്നും സമയത്തിന് ഭക്ഷണം പാചകം ചെയ്യുന്നില്ലായെന്നും പറഞ്ഞ് ബിപിൻ പ്രദീപ്ത കുമാറിനെ വഴക്കു പറഞ്ഞതിനെ പ്രതി ബിലാ ചോദ്യം ചെയ്തു. തുടർന്ന് ബിപിൻ പ്രതിയെ ചീത്ത വിളിക്കുകയും ചെകിട്ടത്തടിച്ചതിലുമുള്ള വിരോധത്താൽ ബിപിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അടുക്കള മുറിക്കകത്ത് വച്ച് സലാഡിന് ക്യാരറ്റ് അരിഞ്ഞു കൊണ്ടിരുന്ന കത്തികൊണ്ട് ബിപിന്റെ വയറിലും ഇടത് വിലാപ്പുറത്തും നെഞ്ചിൽ ഇടതു ഭാഗത്തുമായി കുത്തി മാരകമായ പരിക്കുകൾ ഏൽപ്പിച്ച് കൊലപ്പെടുത്തി കൃത്യ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് ഒളിവിൽ പോയി ഒഡീഷയിൽ ഒരു കെട്ടിട നിർമ്മാണ സൈറ്റിലെ ലേബർ ക്യാമ്പിൽ ഒളിവിൽ പാർത്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

ബിപിന്റെ ശരീരത്തിൽ എട്ടോളം മുറിവുകൾ ഉണ്ടായിരുന്നതായും അവയിൽ നെഞ്ച് , വയറ് എന്നിവിടങ്ങളിൽ ആഴത്തിൽ ഉണ്ടായ 4 മുറിവുകൾ ആണ് മരണകാരണമായതെന്നും കൃത്യ സ്ഥലത്തു നിന്നു വീണ്ടെടുത്ത കത്തി ഉപയോഗിച്ച് പരിക്കുകളേൽപ്പിച്ചാൽ അത്തരത്തിലുള്ള പരിക്കുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോർട്ട് ചെയ്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫോറൻസിക് അസി.പ്രൊഫസർ ഡോ. സീന. എം. എം. മൊഴി നൽകിയിട്ടുണ്ട്.

കൈലി ,കൃത്യ സ്ഥലത്തു നിന്ന് ഫോറൻസിക് സയന്റിഫിക് ഓഫീസർ ശേഖരിച്ച രക്തക്കറ പുരണ്ട കോട്ടൺ ഗോസ് , ലോഹ പിടിയുള്ളതും തുരുമ്പെടുത്തതും മൂർച്ചയേറിയതുമായ കത്തി പരിശോധിച്ചതിൽ എ ഗ്രൂപ്പ് ഇനത്തിൽ പെട്ട മനുഷ്യ രക്തമാണ് അവയിൽ കാണപ്പെട്ടതെന്ന് ഫോറൻസിക് ലബോറട്ടറി സെറോളജി ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ വി.ബി. സുനിത ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ട ബിപിന്റെ രക്തസാമ്പിൾ പരിശോധിച്ചതിൽ 100 മി.ലി രക്തത്തിൽ 54 മില്ലി.ഗ്രാം ഈഥൈൽ ആൽക്കഹോൾ സർട്ടിഫിക്കറ്റ് ചീഫ് കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി അസി.എക്‌സാമിനർ എം.ആർ. യുറേക കണ്ടെത്തി തയ്യാറാക്കിയ കെമിക്കൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.