- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി കേസ്: കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഉദയകുമാർ റിമാൻഡിൽ
തിരുവനന്തപുരം: ബസിലെ പരസ്യ കരാറുകാരനിൽ നിന്നും മുപ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഉദയകുമാർ റിമാൻഡിൽ. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി രാജകുമാരയാണ് പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടക്കാൻ ഉത്തരവിട്ടത്.
2023 ജൂലൈ 16 നാണ് വിജിലൻസ് കെണിയൊരുക്കി ഡി ജി എമ്മിനെ (കൊമേഷ്യൽ ) പിടികൂടിയത്. കെ എസ് ആർ റ്റി സി ബസുകളിൽ പരസ്യം പതിക്കുന്നതിന് കരാറെടുത്ത കരാറുകാരനിൽ നിന്നും 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് തലസ്ഥാനത്തെ ഒരു സ്വകാര്യ ക്ലബ്ബിൽ വച്ച് ഉദയകുമാർ പിടിയിലായത്. ബിൽ തുക മാറി നൽകാൻ പ്രതി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ആദ്യ ഗഡുവായി 40000 രൂപയും രണ്ടാം ഗഡുവായി 30000 രൂപയും കൈപ്പറ്റിയെന്ന് കോടതിയിൽ ഹാജരാക്കിയ എഫ് ഐ മൊഴിയിൽ പറയുന്നു. ബാക്കി 30000 രൂപ കൊടുത്തില്ലെങ്കിൽ 12 ലക്ഷത്തിന്റെ മറ്റൊരു ബിൽ മാറി നൽകില്ലെന്ന് പ്രതി ശഠിച്ചതായും പരാതിയിൽ പറയുന്നു. തുടർന്നാണ് വിജിലൻസിൽ പരാതിപ്പെട്ടത്.
പരാതിക്കാരന്റെ മൊഴിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഫിനോഫ്തലിൻ പൊടി വിതറിയ കെണിപ്പണമായ 30,000 രൂപ നോട്ട് നമ്പർ സഹിതം എൻട്രസ്റ്റ്‌മെമെന്റ് മഹസറിൽ വിവരിച്ച് വിജിലൻസ് പൊലീസ് പരാതിക്കാരന് നൽകി. പരാതിക്കാരൻ പ്രതിയുമായി സംസാരിച്ച് മുൻ നിശ്ചയപ്രകാരം ക്ലബിൽ വച്ച് കെണിപ്പണം നൽകാമെന്ന് വിശ്വസിപ്പിച്ചു. പരാതിക്കാരനെ നോട്ടുമായി പറഞ്ഞ് വിട്ട് ഔദ്യോഗിക സാക്ഷികളായ രണ്ടു ഗസറ്റഡ് ഓഫീസർമാർക്കൊപ്പം വിജിലൻസ് മറഞ്ഞു നിന്നു.
പ്രതി കെണിപ്പണം കൈപ്പറ്റിയെന്ന സിഗ്‌നൽ കിട്ടിയ ഉടനെ വിജിലൻസ് പൊലീസ് സംഘം പ്രതിയെ ചോദ്യം ചെയ്ത് മഹസറിൽ രേഖപ്പെടുത്തിയ അതേ നോട്ടു നമ്പരുകളുള്ള കെണിപ്പണം വീണ്ടെടുത്തു. വിജിലൻസ് കൊണ്ടു വന്ന പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ പ്രതിയുടെ കൈവിരൽ മുക്കിയപ്പോൾ ലായനി പിങ്ക് നിറമായി മാറി. ഇതോടെ കെണിപ്പണം പ്രതി കൈപ്പറ്റിയതായി ശാസ്ത്രീയമായി സ്ഥിരീകരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിജിലൻസ് തെക്കൻ മേഖല പൊലീസ് സൂപ്രണ്ട് ജയശങ്കറിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, തെക്കൻ മേഖല വിജിലൻസ് ഓഫീസിലെ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്