തിരുവനന്തപുരം: ആലപ്പുഴ കൈതവന അക്‌സപ്റ്റ് കൃപാ ഭവനിൽ നടന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയുടെ മരണത്തിൽ ഒന്നും രണ്ടും പ്രതികളായ ഫാദർ.മാത്തുക്കുട്ടിക്കും സിസ്റ്റർ സ്‌നേഹമറിയക്കും മേൽ തലസ്ഥാന വിചാരണ കോടതി കുറ്റം ചുമത്തി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തിയത്. ഉപേക്ഷയിലുള്ള മരണക്കുറ്റം , കൂട്ടായ്മ എന്നീ കുറ്റങ്ങളാണ് സിജെഎം ഷിബു ഡാനിയേൽ പ്രതികൾക്ക് മേൽ ചുമത്തിയത്.

വിചാരണ സെപ്റ്റംബർ 2 ന് തുടങ്ങാൻ ഷെഡ്യൂൾ ചെയ്ത കോടതി ആദ്യ മൂന്നു സാക്ഷികൾ അന്നേ ദിവസം ഹാജരാകാനും ഉത്തരവിട്ടു. കേസിൽ സി ബി ഐ തുടരന്വേഷണം നടത്താൻ 2021 ൽ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കൊലപാതകത്തിന് തെളിവു ലഭിച്ചില്ലെന്നതിനാൽ ആദ്യ കുറ്റപത്രത്തിൽ മാറ്റമെന്നുമില്ലെന്നുള്ള തുടരന്വേഷണ റിപ്പോർട്ട് ആണ് സിബിഐ ഹാജരാക്കിയത്.

2022 ഫെബ്രുവരി 8 ന് തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാനും മുൻ സി ജെ എം ആർ. രേഖ തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്‌പിക്ക് നിർദ്ദേശം നൽകിയിരുന്നു. സി ബി ഐ കുറ്റപത്രവും അനുബന്ധ റെക്കോർഡുകളും പരിശോധിച്ച കോടതി അന്വേഷണത്തിൽ മിസ്സിങ് ലിങ്കുകൾ ഉണ്ടെന്ന് കണ്ടെത്തുകയും സംഭവം സംബന്ധിച്ച് ശരിയായ രീതിയിലും പൂർണ്ണമായും സിബിഐ കേസന്വേഷിച്ചിട്ടില്ലെന്നും വിലയിരുത്തിയാണ് സിബി ഐ കുറ്റപത്രം അംഗീകരിക്കാതെ തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്.

ഉപേക്ഷയിലുള്ള മരണക്കുറ്റം മാത്രം ചുമത്തി സി ബി ഐ കുറ്റപത്രം സമർപ്പിച്ചത് 2021 ജനുവരി 4 നാണ്. കുറ്റപത്രം നിരസിച്ച കോടതി തുടരന്വേഷണം നടത്താനും റിപ്പോർട്ട് 2021 മാർച്ച് 25 ന് ഹാജരാക്കാൻ ഉത്തരവിട്ടു. തുടർന്ന് 4 തവണ കേസ് പരിഗണിച്ചിട്ടും സിബിഐ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കിയിട്ടില്ല. തുടർന്നാണ് ഫെബ്രുവരി 8 ന് ഹാജരാക്കാൻ കർശന നിർദ്ദേശം നൽകിയത്.