- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിവിഷൻ നിലനിർത്താൻ വ്യാജ അഡ്‌മിഷൻ; എയ്ഡഡ് സ്‌കൂൾ പ്രിൻസിപ്പലിന് ഏഴുവർഷം തടവ് ശിക്ഷ; 21 വ്യാജ അഡ്‌മിഷനുകൾ കാണിച്ച് വിദ്യാഭ്യാസ വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചെന്ന് കേസ്
തിരുവനന്തപുരം: ഡിവിഷൻ നിലനിർത്താൻ വ്യാജ അഡ്‌മിഷൻ നടത്തിയ എയ്ഡഡ് സ്‌കൂൾ പ്രിൻസിപ്പാളിന് തടവ് ശിക്ഷ. കൊല്ലം കരുനാഗപ്പള്ളി ജോൺ എഫ്.കെന്നഡി മെമോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മുൻ സ്‌കൂൾ പ്രിന്‌സിപ്പാൾ എസ്സ്. രമാകുമാരിയെയാണ് ഏഴു വർഷത്തെ തടവിനും, 1,70,000 രൂപ പിഴ ഒടുക്കുന്നതിനും തിരുവനന്തപുരം വിജിലൻസ് ജഡ്ജി രാജകുമാര എം .വി ശിക്ഷ വിധിച്ചത്. അഴിമതി നിരോധന നിയമം 13(1)(ഡി) പ്രകാരവും, ഗൂഢാലോചനയ്ക്ക് ഐ. പി. സി 120 (ബി), വ്യാജരേഖകൾ ഉപയോഗിച്ചതിന് ഐ. പി. സി 471എന്നീ കുറ്റകൃത്യങ്ങൾക്കാണ് ശിക്ഷ.
സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമ്പോൾ സർക്കാർ ഉത്തരവ് പ്രകാരമുള്ള വിദ്യാർത്ഥി - അദ്ധ്യാപക അനുപാതം വെച്ചു ഡിവിഷനുകളുടെ എണ്ണം കുറയുകയും, അതുമൂലം അദ്ധ്യാപകരുടെ തസ്തിക നഷ്ടമാവുകയും ചെയ്യും. സ്‌കൂളിലെ മുൻ പ്രിൻസിപ്പാൾ ആയിരുന്ന രമാകുമാരിയും, മുൻ സ്‌കൂൾ മാനേജർ ആയിരുന്ന ശ്രീകുമാറും, അദ്ദേഹത്തിന്റെ ഭാര്യയും സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന കുമാരി മായ എന്നിവരുടെ ഒത്താശയോടെ 2004 മുതൽ 2009 വരെ സ്‌കൂളിലെ അഡ്‌മിഷൻ രജിസ്റ്ററിൽ കളവായി (21) ഇരുപത്തിയൊന്ന് വ്യാജ അഡ്‌മിഷനുകൾ ഉൾക്കൊള്ളിച്ചും, ഇല്ലാത്ത കുട്ടികൾക്ക് ഹാജർ ബുക്കിൽ ഹാജർ കാണിച്ചും വിദ്യാഭ്യാസ വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചു.
ഡിവിഷനുകൾ നിലനിർത്തി ഉത്തരവ് സമ്പാദിച്ചും, അഞ്ചു അദ്ധ്യാപകർക്ക് ജോലി നിലനിർത്തിയും അവർക്ക് ശമ്പളയിനത്തിൽ 8,94,647/ അനർഹമായി നൽകാൻ ഇടയായി എന്ന് കോടതി കണ്ടാണ് ശിക്ഷ വിധിച്ചത്. കേസിന്റെ അന്വേഷണ വേളയിൽ രണ്ടാം പ്രതി സ്‌കൂൾ മാനേജർ മരണപ്പെട്ടിരുന്നു. മാനേജരുടെ ഭാര്യയും, സ്‌കൂളിലെ അദ്ധ്യാപികയും ആയിരുന്ന കുമാരി മായക്ക് കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായി തെളിവ് കാണുന്നില്ല എന്ന് കണ്ട് കോടതി പ്രതിയെ വെറുതെ വിട്ടു. കൊല്ലം വിജിലൻസ് യൂണിറ്റ് കുറ്റപത്രം നൽകിയ കേസ്സിൽ അന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്പെക്ടർ ഓഫ് പൊലീസ് എം.എം.ജോസും , വിചാരണ നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ എസ്. ചെറുന്നിയൂരും ആണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്