തിരുവനന്തപുരം: പൂജയ്ക്കായി കുടുംബത്തിനൊപ്പമെത്തിയ 12 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ കേസിൽ ആശ്രമം നടത്തിപ്പുകാരനായ സ്വാമിക്കെതിരെ തലസ്ഥാന ജില്ലാ പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആലപ്പുഴ ചേർത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണനെ (36) ഏക പ്രതിയാക്കിയാണ് റൂറൽ മലയിൻകീഴ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഒളിവിൽ പോയ ഇയാളെ 2023 ഫെബ്രുവരി 10 നാണ് അറസ്റ്റ് ചെയ്തത്. 2021ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സൂര്യനാരായണൻ മലയിൻകീഴ് വിളവൂർക്കൽ പെരുകാവിൽ വാടകയ്ക്ക് വീട് എടുത്ത് ആശ്രമം നടത്തി വരികയായിരുന്നു.

ഈ ആശ്രമത്തിൽ എത്തിയ കുട്ടിയുടെ മാതാപിതാക്കളുമായി സൂര്യ നാരായണൻ അടുത്ത ബന്ധം പുലർത്തിയിരുന്നതായി പൊലീസ് വിശദമാക്കി. പൂജയുടെ ഭാഗമായി കുടുംബം ആശ്രമത്തിൽ തുടരുമ്പോഴാണ് കുട്ടിയെ ഇയാൾ പീഡിപ്പിച്ചത് എന്നാണ് മലയിൻകീഴ് പൊലീസ് പറയുന്നത്. ഒരു വർഷത്തോളം ഇയാൾ പീഡനം തുടർന്നു. ഇതിനിടെ മകന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട രക്ഷിതാക്കൾ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി ഈ വിവരം ഉടൻ പൊലീസിനെ അറിയിച്ചു. സംഭവം പുറത്ത് അറിഞ്ഞതോടെ മലയിൻകീഴ് നിന്ന് മുങ്ങിയ സൂര്യനാരായണൻ തമിഴ്‌നാട് തക്കലയിൽ എത്തി അവിടെ ആശ്രമം സ്ഥാപിച്ച് കഴിയുകയായിരുന്നു. മലയിൻകീഴ് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ തക്കലയിൽ നിന്ന് പിടികൂടുകയായിരുന്നു. 36 വയസുകാരനായ ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 ( പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം) കൂടാതെ 2012 ലെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ കൂടി ചേർത്തുള്ളതാണ് പൊലീസ് കുറ്റപത്രം.