തിരുവനന്തപുരം: ബൈക്ക് യാത്രികരായ പിതാവിനെയും മകനെയും രാജധാനി ബസിടിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ഒന്നാം പ്രതിയായ കെ എസ് ആർ റ്റി സി ഡ്രൈവർക്ക് 4 വർഷം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി. കെ എസ് ആർറ്റിസി രാജധാനി ബസ് ഡ്രൈവർ സുധാകരൻ, രണ്ടാം പ്രതി കണ്ടക്ടർ പ്രശാന്തൻ എന്നിവരെയാണ് ശിക്ഷിച്ചത്.

ബസ് കണ്ടക്ടർക്ക് കോടതി പിരിയും വരെ തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൂടാതെ ബസ് തൊഴിലാളികളുടെ മുതലാളിയെന്ന നിലയിൽ കെ എസ് ആർ റ്റി സി പ്രത്യേകമായി 4 ലക്ഷം രൂപ കൊല്ലപ്പെട്ട പാട്രിക്കിന്റെ അവകാശികളായ ഭാര്യക്കും മകൻ ടിനുവിന്റെ ജ്യേഷ്ഠനും നൽകണമെന്നും ജഡ്ജി പ്രസുൻ മോഹൻ ഉത്തരവിട്ടു. 3 വർഷത്തേക്ക് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ കോടതി ആർറ്റിഓക്ക് നിർദ്ദേശം നൽകി.

ഭൃത്യൻ ചെയ്യുന്ന കുറ്റങ്ങൾക്ക് യജമാനൻ ബാധ്യസ്ഥനാകുന്ന നിയമ തത്വമായ വൈകേരിയസ് ലയബിലിറ്റി തത്വ പ്രകാരമാണ് സ്ഥാപന ഉടമ നഷ്ടോത്തര വാദം ചെയ്യേണ്ടത്. ജയിൽ ശിക്ഷ അനുഭവിക്കാൻ ഡ്രൈവറെ കോടതി കൺവിക്ഷൻ വാറണ്ട് സഹിതം പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീ. ജില്ലാ പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാറാണ് ഹാജരായത്. ഹരീഷ് കുമാറിന്റെ ശക്തമായ വാദത്തിലാണ് കെ എസ് ആർറ്റിസിക്ക് കൂടി കോടതി പിഴ ശിക്ഷ വിധിച്ചത്.

2012 ഒക്ടോബർ 30 വൈകിട്ട് വഞ്ചിയൂർ-പാറ്റൂർ റോഡിൽ 6.30നാണ് സംഭവം നടന്നത്. പാറ്റൂർ ഭാഗത്തു നിന്നും ജനറൽ ആശുപത്രി ഭാഗത്തേക്ക് മകനായ ടിനു എന്ന ശ്രീജിത്തിനെ പുറകിലിരുത്തി പിതാവായ പാട്രിക് ഹെൽമറ്റ് ധരിച്ച് ഓടിച്ചു പോയ മോട്ടോർ സൈക്കിളിൽ അതേ ദിശയിൽ വന്ന ബസ്, ഡ്രൈവർ ഇടിപ്പിച്ചെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമം നടത്താതെയും, പ്രഥമ ശുശ്രൂഷ നൽകാതെയും കണ്ടക്ടർ അപകടവിവരം വേ ബില്ലിൽ രേഖപ്പെടുത്താതെയും പൊലീസിലോ കെ എസ് ആർ റ്റി മേലധികാരികളെയോ അറിയിക്കാതെയും കുറ്റങ്ങൾ ചെയ്തുവെന്നാണ് കേസ്.