തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ ഇടക്കാല തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് ഹാജരാക്കിയത്. അന്വേഷണം തുടരുന്നതായി റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് കോടതിയെ ബോധിപ്പിച്ചു.

ഓഗസ്റ്റ് 17 ന് തുടർ റിപ്പോർട്ട് ഹാജരാക്കാൻ സിജെഎം ഷിബു ഡാനിയേൽ ഉത്തരവിട്ടു. ജൂലൈ 6 ന് തുടരന്വേഷണത്തിന് കോടതി അനുമതി നൽകിയിരുന്നു; രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും ഉത്തരവുണ്ടായിരുന്നു. ജൂലൈ 27 നു ഹാജരാക്കിയ ഇടക്കാല റിപ്പോർട്ടിൽ പറയുന്നത്:

മന്ത്രി ശിവൻ കുട്ടിക്ക് പരുക്കു പറ്റിയ സംബന്ധിച്ച സർട്ടിഫിക്കറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലഭിച്ചിട്ടില്ല. ഇത് നൽകണമെന്നാവശ്യപ്പെട്ട് ആശുപത്രിക്ക് നോട്ടീസ് നൽകിയിരുന്നു. അന്വേഷണം രണ്ട് മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കി കോടതി ഉത്തരവ് പാലിക്കും. എം എൽ എ മാരായ ആയിഷ പോറ്റി, ജമീല പ്രകാശം, ടി.വി.രാജേഷ്, എ.പി.അനിൽകുമാർ, എം.എ.വാഹിദ്, വി.ശശി, സി ദിവാകരൻ, വി എസ്.ശിവകുമാർ , ബിജിമോൾ, എ.ടി.ജോർജ് എന്നിവരുടെ മൊഴിയാണ് നാളിതു വരെ രേഖപ്പെടുത്തിയത്. ജൂലൈ 10 ന് മുൻ എംഎൽഎ എൻ.ശക്തന് നോട്ടിസ് അയച്ചെങ്കിലും മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല. അസൗകര്യമുണ്ടെന്നും പാർട്ടിയോട് ആലോചിച്ച ശേഷമേ മൊഴി നൽകാൻ കഴിയൂ എന്നും ശക്തൻ അന്വേഷണ സംഘത്തെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അക്രണ സമയത്ത് പരുക്കേറ്റ എംഎൽഎമാരെ ചികിൽസിച്ച ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. മെഡിക്കൽ കോളജിലെയും ജനറൽ ആശുപത്രിയിലെയും ഡോക്ടർമാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മന്ത്രി ശിവൻകുട്ടിക്ക് പരിക്കേറ്റ ചികിത്സാ രേഖകൾക്കായി നോട്ടിസ് നൽകിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. നിയമസഭയിലെ വാച്ച് ആൻഡ് വാർഡിന്റെ മൊഴി രേഖപ്പെടുത്തിയതായും ഡിവൈഎസ്‌പി സജീവ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ട്ടം വരുത്തിയെന്നാണ് പൊലീസ് കേസ്. ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിൽ ജൂലൈ 6 ന് തുടരന്വേഷണത്തിന് കോടതി അനുമതി നൽകിയിരുന്നു. . രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. നിലവിലെ പ്രതിപ്പട്ടികയ്ക്കും കുറ്റപത്രത്തിനും മാറ്റം വരുത്തുകയോ വകുപ്പുകൾ ഭേദഗതി ചെയ്യുകയോ ചെയ്യരുതെന്നും കോട്ടം വരുത്തരുതെന്നും കോടതി ഉത്തരവിൽ നിർദ്ദേശമുണ്ട്. ഓരോ മൂന്ന് ആഴ്ചയിലും അന്വേഷണ പുരോഗതി അറിയിക്കണം എന്നീ ഉപാധികളോടെയാണ് തുടരന്വേഷണത്തിന് കോടതി അനുമതി നൽകിയത്. അന്വേഷണ പുരോഗതി റിപ്പോർട്ട് ജൂലൈ 27 ന് ഹാജരാക്കാനും കോടതി ഉത്തരവിട്ടിരുന്നു.