തിരുവനന്തപുരം: അഞ്ച് കിലോ കഞ്ചാവുമായി സ്‌കൂൾ പരിസരത്തു നിന്നും പിടികൂടിയ കേസിൽ പ്രതി ഗോകുലിനെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. അയിരൂർ പാതാളം സ്വദേശി ഗോകുലിനെ നെയ്യാറ്റിൻകര പൊലീസ് ഡി വൈ എസ് പി യോടാണ് കോടതി ഉത്തരവിട്ടത്.

പ്രതിയെ സെപ്റ്റംബർ 16 ന് ഹാജരാക്കാൻ വിചാരണ കോടതി ജഡ്ജി കെ.പി.അനിൽകുമാർ ഉത്തരവിട്ടു. പൊലീസ് കസ്റ്റഡിയിൽ നിന്ന് രണ്ടു തവണ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. പൊലീസിനെ വട്ടം ചുറ്റിച്ച പ്രതിയെ രണ്ടു തവണയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് നാട്ടുകാരാണ്. പ്രതിക്കെതിരെ എൻ ഡി പിഎസ് നിയമ വകുപ്പും ബാലനീതി നിയമവകുപ്പും പ്രകാരം നെയ്യാറ്റിൻകര പൊലീസ് 2020 ഓഗസ്റ്റ് 6 ന് കുറ്റപത്രം സമർപ്പിച്ചിരുന്നു.

2019 ഡിസംബർ 11 രാവിലെയായിരുന്നു സംഭവം നടന്നത്. നെയ്യാറ്റിൻകര മൂന്നുകല്ലിന്മൂട് ഗവൺമെന്റ് എച്ച്എസ്എസിന് സമീപത്തുനിന്ന് ഗോകുലിനെ പിടികൂടിയെന്നാണ് കേസ്. നെയ്യാറ്റിൻകര പൊലീസിന്റെ കയ്യിൽ നിന്നും കഞ്ചാവ് കേസിലെ പ്രതി ഗോകുൽ രണ്ട് തവണ ഓടി രക്ഷപ്പെട്ടു. രണ്ട് തവണയും നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടാനായത്. പ്രതി പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലും പ്രതിയെ കണ്ടെത്താൻ പൊലീസിനായില്ല. ഒടുവിൽ തകർന്ന കെട്ടിടത്തിനുള്ളിൽ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒരിക്കൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി സ്റ്റേഷനിലേക്ക് കൊണ്ടുപോകവേ വീണ്ടും പൊലീസിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ടത്.

വിലങ്ങുവച്ച് വാഹനത്തിൽ കയറ്റാൻ ഒരുങ്ങവേയായിരുന്നു വെട്ടിയൊഴിഞ്ഞ് ആദ്യ രക്ഷപ്പെടൽ ശ്രമം. ആദ്യത്തെ തവണ നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി. രണ്ടാം തവണ പൊലീസ് വാഹനത്തിൽ നിന്നായിരുന്നു രക്ഷപ്പെടൽ. രണ്ടാമത്തെ തവണയും നാട്ടുകാർ തന്നെയാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

തഹസിൽദാരെയും പൊലീസുകാരെയും കാഴ്ചക്കാർ ആക്കി കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടപ്പോൾ പ്രതിയെ പിടികൂടാൻ കാടുകയറി നാട്ടുകാരോടൊപ്പം പൊലീസ് മണിക്കൂറുകളോളം തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ പ്രതിയെ കിട്ടിയില്ല. ഇതിനിടെയാണ് തകർന്ന വീടിനുള്ളിൽ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാർ തന്നെ വീണ്ടും പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.