തിരുവനന്തപുരം: മയക്കു ബിസ്‌ക്കറ്റ് നൽകി ട്രെയിൻ കൊള്ളയടിച്ച പ്രതികളെ വിചാരണ ചെയ്യാൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഷിബു ഡാനിയേലിന്റേതാണുത്തരവ്.

ക്രീം ബിസ്‌ക്കറ്റിൽ ലഹരി കലർത്തി നൽകി ട്രെയിൻ യാത്രക്കാരെ കൊള്ളയടിച്ച കവർച്ചാ കേസിൽ പ്രതികളായ ബിഹാർ സ്വദേശി ശത്രുധൻ കുമാറിന്റെയും ചുമൻ കുമാറിന്റെയും റിമാന്റ് കോടതി ദീർഘിപ്പിച്ച് ജയിലിലേക്ക് തിരിച്ചയച്ചു. സെഷൻസ് കോടതിയിൽ നിന്നും പ്രൊഡക്ഷൻ വാറണ്ട് ലഭിക്കുന്ന മുറയ്ക്ക് പ്രതികളെ വീണ്ടും ഹാജരാക്കാൻ കോടതി ജില്ലാ ജയിൽ സൂപ്രണ്ടിനോട് ഉത്തരവിട്ടു.

രപ്തി സാഗർ എക്സ്പ്രസിൽ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളാണ് 2022 ൽ കവർച്ചയ്ക്കിരയായത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും കൊച്ചുവേളിയിലുമാണ് പ്രതികൾ മോഷണം നടത്തിയത്. ട്രെയിനിൽ സഞ്ചരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി സൗഹുദം സ്ഥാപിച്ച ശേഷം ലഹരി കലർന്ന ബിസ്‌ക്കറ്റ് നൽകി കവർച്ച നടത്തുന്നതാണ് ഒന്നാം പ്രതി ശത്രുധൻ കുമാറിന്റെ മോഡസ് ഓപ്പറാന്റി (കുറ്റകൃത്യം ചെയ്യുന്ന രീതി). ബീഹാറിലും സമാനമായ കേസുകളിൽ ഇയാൾ പ്രതിയാണ്.

സി സി റ്റി വി ദ്യശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്. രപ്തി സാഗർ , കേള എക്സ്‌പ്രസ് ട്രെയിനുകളിൽ കവർച്ച നടത്തിയ ഇയാൾ മോഷണത്തിനു ശേഷം ആലപ്പുയിലാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. മോഷണം നടന്നതിന് പിന്നാലെ തമ്പാനൂർ റെയിൽവേ പൊലീസ് സിസിടിവി വഴി ലഭിച്ച മോഷ്ടാവിന്റെ ചിത്രം മറ്റു സ്റ്റേഷനുകളിലേക്ക് പങ്കുവെച്ചിരുന്നു.

കേരള എക്സ്പ്രസിൽ മലയാളിയെയും കൊള്ളയടിച്ചിരുന്നു. പിടിയിലായ ബീഹാർ ലബാരൻ സ്വദേശി ശത്രുധൻ കുമാറിന്റെ (42) സംഘത്തിലെ രണ്ടു പേർക്കുവേണ്ടി തിരച്ചിൽ ശക്തമാക്കിയാണ് പൊലീസ് രണ്ടാം പ്രതിയെ പിടികൂടിയത്.