കൊച്ചി : 17കാരി തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവും 1,20,000 രൂപ പിഴയും. കങ്ങരപ്പടി പള്ളങ്ങാട്ടുമുകൾ പട്ടാശ്ശേരി വീട്ടിൽ സിബിയെയാണ് (23) എറണാകുളം പോക്‌സോ കോടതി ജഡ്ജി ശ്രീ കെ സോമൻ ശിക്ഷിച്ചത്.
2020 മാർച്ചിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

കൂട്ടുകാരിയോടൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്നു പെൺകുട്ടിയെ കളമശ്ശേരി കങ്ങരപ്പടി ഭാഗത്ത് വച്ച് കയ്യിൽ കയറി പിടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. യൂണിഫോം കോട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നോട്ട്‌സ് എഴുതിയ പേപ്പറുകൾ മറ്റുള്ളവർ കാൺകെ ബലമായി എടുത്ത് കീറിക്കളഞ്ഞു പെൺകുട്ടിയെ ചീത്തവിളിക്കുകയായിരുന്നു.

വലിയ മനോവിഷമത്തിലായ പെൺകുട്ടി പ്രതി പുറകെ വീട്ടിലെത്തി അപായപ്പെടുത്തുമെന്നുള്ള ഭയംത്തിലായിരുന്നു. അന്നേദിവസം വൈകിട്ട് 7 മണിക്ക് മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് സ്വയം തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിന് നാല് ദിവസത്തിനുശേഷം എറണാകുളം ലൂർദ് ആശുപത്രിയിൽ വച്ച് പെൺകുട്ടി മരണപ്പെടാൻ ഇടയായി എന്നാണ് പ്രോസിക്യൂഷൻ കേസ്.

രാവിലെ പൊതുസ്ഥലത്ത് വച്ച് പെൺകുട്ടിയുടെ കയ്യിൽ കയറി പിടിക്കുന്നതിനും ചീത്ത പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനും സാക്ഷിയായ കൂട്ടുകാരിയായ പെൺകുട്ടിയുടെ മൊഴിയാണ് ഈ കേസിൽ നിർണയമായത്. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്കെതിരായിരുന്നു. പ്രതി യാതൊരുവിധത്തിലുള്ള ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധിയിൽ വ്യക്തമാക്കി.

ആത്മഹത്യ പ്രേരണയ്ക്കും, പെൺകുട്ടിയെ തടഞ്ഞുനിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും, പൊതു സ്ഥലത്ത് വെച്ച് കുട്ടിയുടെ കയ്യിൽ കയറി പിടിച്ച് മാനഭംഗപ്പെടുത്തിയതിനും അഞ്ചോളം വകുപ്പുകളിൽ ആയി 18 വർഷം കഠിനതടവും 1,20,000 പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. തൃക്കാക്കര എസ് ഐ യായിരുന്ന സുമിത്ര വി.ജി, സി ഐ ഷാബു ആർ എന്നിവർ ചേർന്നാണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത് പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്ക്യൂട്ടർ പി എ ബിന്ദു , അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.