- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഫ്രിക്കയിൽ നിന്ന് കടത്തിയ 158 കോടിയുടെ ഹെറോയിൻ കേസ്: തലസ്ഥാനത്തെ കോടതിയിൽ വിചാരണ തുടങ്ങി; 4 സാക്ഷികളെ വിസ്തരിച്ചു; സാക്ഷികൾ പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ആഫ്രിക്കയിൽ നിന്ന് സിംബാബ്വെ ഹരാരെ വഴി മുംബൈയിലെത്തിച്ച ശേഷം ട്രെയിനിൽ തലസ്ഥാനത്തെത്തിച്ച 158 കോടിയുടെ 22 കിലോ ഹെറോയിൻ മയക്കുമരുന്ന് കടത്ത് കേസിന്റെ വിചാരണ തലസ്ഥാന ജില്ലാ കോടതിയിൽ ആരംഭിച്ചു. തിരുവനന്തപുരം ബാലരാമപുരം നെല്ലി വിളയിൽ വീട് റെയ്ഡ് ചെയ്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സും (ഡിആർഐ) നർകോട്ടിക് കൺട്രോൽ ബ്യൂറോ (എൻസിബി) ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വൻ ലഹരി വേട്ടയിൽ 158 കോടിയുടെ 22 കിലോ ഹെറോയിൻ പിടികൂടിയ കേസിലാണ് വിചാരണ തുടങ്ങിയത്.
തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് കേസ് വിചാരണ ചെയ്യുന്നത്. 4 സാക്ഷികളെ വിസ്തരിച്ചു. സാക്ഷികൾ പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു. 30 രേഖകൾ കോടതി തെളിവിൽ സ്വീകരിച്ചു. തൊണ്ടി മുതലുകൾ സാക്ഷികൾ തിരിച്ചറിഞ്ഞു മൊഴി നൽകി. 51 സാക്ഷികൾ ഉള്ള സാക്ഷിപ്പട്ടികയിൽ സാക്ഷി വിസ്താരം ഈ മാസം 11 ന് പൂർത്തിയാക്കാനാണ് കോടതി ജൂലൈ 6 ന് ഷെഡ്യൂൾ ചെയ്തത്. പ്രതികളുടെ ജാമ്യഹർജികൾ ജൂൺ 28 ന് തള്ളിയ കോടതി വിചാരണ തീരും വരെ പ്രതികൾ പുറം ലോകം കാണണ്ടെന്ന് വിലയിരുത്തി പ്രതികളെ കൽ തുറുങ്കിലിട്ട് കസ്റ്റോഡിയൽ വിചാരണ ചെയ്യാൻ ഉത്തരവിട്ടു. ജൂലൈ 6 ന് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തി.
വാടക വീട്ടിൽ ഹെറോയിൻ സൂക്ഷിച്ച , സന്തോഷ് ലാൽ, രമേശ് , സഹായികളും കടത്തിന് സഹായിച്ചവരുമായ സിംബാബ്വേയിൽ സ്വകാര്യ കമ്പനി അക്കൗണ്ടന്റായ ബിനുക്കുട്ടൻ , ബിനുവിന്റെ ബന്ധുവും മറ്റൊരു സൂത്രധാരനുമായ എൻ. ഷാജി എന്നിവരാണ് നിലവിൽ വിചാരണ നേരിടുന്ന പ്രതികൾ.
2022 സെപ്റ്റംബർ 22 നാണ് വൻ ഹെറോയിൻ ശേഖരം പിടികൂടിയത്. ആഫ്രിക്കയിൽ നിന്നാണ് ഹെറോയിൻ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് ലാൽ എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തു. ബാലരാമപുരത്ത് വാടക വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 22 കിലോ ഹെറോയിൻ. സിംബാബ്വെ ഹരാരെയിൽ നിന്നും മുംബൈയിലെത്തിച്ച ശേഷം ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ഇവർ എങ്ങോട്ടാണ്, ആർക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടിൽ സൂക്ഷിച്ചതെന്ന അന്വേഷണത്തിലാണ് മറ്റു 2 പേർ 26 ന് പിടിയിലായത്.
കെട്ടിടത്തിന്റെ മുകൾ നിലയിൽ വാടകക്ക് മുറിയെടുത്ത് രണ്ട് മാസമായി താമസിച്ച് വരികയായിരുന്നു ഇരുവരും. ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ 21 (സി) ( മയക്കുമരുന്ന് നിർമ്മാണവും തയ്യാറാക്കലുമായി ബന്ധപ്പെട്ട ലംഘനം ) (കുറ്റം തെളിയുന്ന പക്ഷം 20 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ശിക്ഷിക്കാവുന്ന കുറ്റം) , 23 (സി) (ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി ഇറക്കുമതി ചെയ്യൽ) (20 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ശിക്ഷിക്കാവുന്ന കുറ്റം) , 28 ( മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമം) ( കുറ്റത്തിനുള്ള അതേ ശിക്ഷ) , 29 (8 സി ) ( നിർമ്മിക്കാനും കൈവശം വക്കാനും വിൽക്കാനും കടത്താനും പണ്ടകശാലയിൽ സൂക്ഷിക്കാനും മറ്റുമുള്ള പ്രേരണയും ക്രിമിനൽ ഗൂഢാലോചനയും) (കുറ്റത്തിനുള്ള അതേ ശിക്ഷ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്