തിരുവനന്തപുരം: ചെന്നൈയിൽ നിന്ന് തലസ്ഥാനത്തേക്ക് 70 കിലോ കഞ്ചാവ് കടത്ത് കേസിൽ സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി പി.ജി. ഗിരിലാലിന് തലസ്ഥാന വിചാരണ കോടതി ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ചത്. പ്രതിയെ ജയിലിലിട്ട് കസ്റ്റോഡിയൽ വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടു.

ചെന്നൈയിൽ നിന്ന് ബസ് മാർഗ്ഗം കളിയിക്കാവിളയിലെത്തിയ പ്രതി ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പാറശ്ശാലക്ക് സമീപം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പിടിയിലായത്.
ലഹരിക്കടത്തു കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് വ്യാപകമായി ആവർത്തിക്കുന്ന സാഹചര്യത്തിൽ വിചാരണ തീരും വരെ പ്രതി പുറം ലോകം കാണണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതിയുടെ ജാമ്യഹർജി കോടതി തള്ളി ഉത്തരവായത്.

ഗൗരവമേറിയ ആരോപണമുള്ള കേസിനാധാരമായ കുറ്റകൃത്യത്തിൽ പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കേസ് റെക്കോർഡിൽ കാണുന്നു. പ്രഥമ ദൃഷ്ട്യാ പ്രതിയുടെ പങ്കും പങ്കാളിത്തവും കേസ് റെക്കോഡിൽ കാണുന്നുണ്ട്. കുറ്റപത്രം സമർപ്പിക്കപ്പെട്ട് വിചാരണ തുടങ്ങാനിരിക്കുകയുമാണ്. ഈ ഘട്ടത്തിൽ പ്രതിയെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതി ഒളിവിൽ പോകാനും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് ജാമ്യം നിരസിച്ചത്.

സംഭവം നടന്നത് 2022 ഓഗസ്റ്റ് 24 നായിരുന്നു. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് കുറ്റപത്രത്തിൽ പറയുന്നു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, ഇൻസ്‌പെക്ടർ മുകേഷ്, പ്രിവന്റ് ഓഫീസർമാരായ വൈശാഖ്, ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.