തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വാക്കു തർക്കത്തിൽ സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതി ആർമി സുബേദാറിന് ജാമ്യമില്ല. തലസ്ഥാന ജില്ലാ കോടതിയാണ് ജൂൺ 27 മുതൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നിഷേധിച്ചത്. സൈനികനായ പോത്തൻകോട് കുറ്റിയാണി കണ്ണംകുഴി മേലെ പുത്തൻവീട്ടിൽ നിന്നും ഉത്തർപ്രദേശിലെ ഝാൻസി റെജിമെന്റിൽ മിലിട്ടറി ഉദ്യോഗസ്ഥനായ 35 വയസ്സുള്ള ജെ. സന്തോഷ് കുമാറിനാണ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചത്.

പ്രതിക്കെതിരായ ആരോപണം ഗൗരവമേറിയതാണ്. പ്രതിയെ കുറ്റകൃത്യവുമായി പ്രഥമ ദൃഷ്ട്യാ ബന്ധിപ്പിക്കുന്ന തെളിവുകൾ കേസ് റെക്കോഡിൽ കാണുന്നു. പ്രതിയുടെ പങ്കും പങ്കാളിത്തവും വ്യക്തമാകുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സുഗമമായ അന്വേഷണത്തിന് വിഘാതം സൃഷ്ടിച്ച് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതി ഒളിവിൽ പോകാനും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. വി.ബാലകൃഷ്ണൻ പ്രതിക്ക് ജാമ്യം നിരസിച്ചത്.

2023 ജൂൺ 26 ശനിയാഴ്ച രാത്രി 10 മണിയോടെ വട്ടപ്പാറ കുറ്റിയാണിയിലെ സന്തോഷ്‌കുമാറിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ഝാൻസി റെജിമെന്റിൽ ജോലി ചെയ്യുന്ന സന്തോഷ് കുമാർ സംഭവത്തിന് ഒരാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. തുടർന്ന് കമ്പനി കൂടാൻ സുഹൃത്തായ വട്ടപ്പാറ പള്ളിവിള കുഴിവിള വീട്ടിൽ നിഷാദിനെ ( 40 ) വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നു.

മദ്യപാനത്തിനിടെയുണ്ടായ വാക്കു തർക്കത്തെ തുടർന്ന് സന്തോഷ് വീട്ടിൽ ഉണ്ടായിരുന്ന ചുറ്റികയെടുത്ത് നിഷാദിനെ തലയ്ക്കടിച്ചു വീഴ്‌ത്തുകയായിരുന്നു. അതിനു ശേഷം സന്തോഷ് പുറത്തേക്ക് പോയി. സംഭവം അറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് നിഷാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ നിഷാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

കടന്നു കളയാൻ ശ്രമിച്ച സന്തോഷ്‌കുമാറിനെ വട്ടപ്പാറ സിഐ എസ്. ശ്രീജിത്ത്, എസ്‌ഐമാരായ സുനിൽ ഗോപി, ജോണി, സുനിൽകുമാർ, സിപിഒമാരായ രാജേഷ്, ജയകുമാർ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘം കുറ്റിയാണി ജംക്ഷനിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.