തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ മുണ്ടാസിനെതിരെ തലസ്ഥാന ജില്ലാ പോക്‌സോ കോടതിയിൽ അയിരൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വർക്കലയിൽ മുണ്ടാസ് എന്നു വിളിക്കുന്ന അജയകുമാറിനെ ഏക പ്രതിയാക്കിയുള്ളതാണ് പൊലീസ് കുറ്റപത്രം.

2022 സെപ്റ്റംബർ 27 നാണ് പ്രതി അറസ്റ്റിലായത്. വർക്കല ചെമ്മരുതി മുട്ടപ്പലം വട്ടപ്ലാമൂട് കോളനിയിൽ മുണ്ടാസ് എന്നു വിളിക്കുന്ന അജയകുമാറിനെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടികളും സ്ത്രീകളും നടന്നുപോകുന്ന വഴിയിൽ കാത്തുനിന്നാണ് ഇയാൾ സ്ഥിരമായി നഗ്‌നതാ പ്രദർശനം നടത്താറുള്ളത്. തടഞ്ഞു നിർത്തി നഗ്‌നത കാണിച്ച് സ്ത്രീകളുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ കൈയേറ്റവും ബലപ്രയോഗവും നടത്തിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അജയകുമാറിനെ അറസ്റ്റ് ചെയ്തത്.