തിരുവനന്തപുരം: ഭവനഭേദനം നടത്തിയുള്ള വീടാക്രമണക്കേസിൽ സാക്ഷിമൊഴി നൽകാനെത്തിയ ദൃക്‌സാക്ഷിയെ തലസ്ഥാന ജില്ലാ കോടതി വളപ്പിൽ പ്രതി കുത്തി പരിക്കേൽപ്പിച്ചു. 2014 ൽ പേരൂർക്കട സ്വദേശിയെ വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം വിളിക്കുകയും വീട്ടു സാമഗ്രികൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലെ ഒന്നാം പ്രതി ജോസ് മകൻ റിട്ടയേഡ് ട്രഷറി ഉദ്യോഗസ്ഥൻ വിമൽ ജോസാണ് കേസിലെ ഒന്നാം സാക്ഷി സന്ദീപിനെ കുത്തിയത്.

തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ രാവിലെ 11 മണിക്ക് കേസ് വിളിച്ചപ്പോൾ ഒന്നാം പ്രതി വിമൽ ജോസും രണ്ടാം പ്രതി മൈക്കിൾ മകൻ ജോസഫും പ്രതിക്കൂട്ടിൽ കയറി നിന്നു. വീടാക്രമണക്കേസിൽ ഒന്നാം സാക്ഷിയായ സന്ദീപും ഹാജരായി. എന്നാൽ പ്രതികൾ തങ്ങളുടെ അഭിഭാഷകന് സുഖമില്ലാത്തതിനാൽ ഹാജരില്ലെന്നും കേസ് മറ്റൊരു തീയതിക്ക് അവധി മാറ്റിത്തരണമെന്നും ബോധിപ്പിച്ചു. അപേക്ഷ അനുവദിച്ച മജിസട്രേട്ട് കെ.ജി.രവിത പ്രതികളും സാക്ഷി സന്ദീപും സെപ്റ്റംബർ 29 ന് വിചാരണക്ക് ഹാജരാകണമെന്ന് നിർദ്ദേശിച്ച് കേസ് 29 ലേക്ക് മാറ്റി വച്ചു.

തുടർന്ന് ഇരുകക്ഷികളും കോടതിക്ക് പുറത്തിറങ്ങിയപ്പോഴാണ് സന്ദീപിനെ ശരീരത്തിന്റെ പിൻഭാഗത്ത് കത്തികൊണ്ട് കുത്തിയത്. സാക്ഷി പറയാൻ വന്നതിലുള്ള വിദ്വേഷമാണ് ആക്രമണ കാരണം. പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുൻ ട്രഷറി ഉദ്യോഗസ്ഥനും പാറ്റൂർ സ്വദേശിയുമായ വിമലിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു.