- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 കോടിയുടെ ബംഗളൂരു - കോവളം ബൈപാസ് ഹാഷിഷ് കള്ളക്കടത്ത്; ലഹരിമരുന്ന് കടത്തുകാരൻ ജി.കെ ക്കും പൂപ്പാറ ബിജുവിനും പ്രൊഡക്ഷൻ വാറണ്ട്
തിരുവനന്തപുരം: 20 കോടിയുടെ ബംഗളൂരു - കോവളം ബൈപാസ് ഹാഷിഷ് കള്ളക്കടത്ത് കേസിൽ പ്രതികൾക്ക് പ്രൊഡക്ഷൻ വാറണ്ട്. 20 കോടി വിലയുള്ള 20 കിലോ ഹാഷിഷും 2.5 കിലോ കഞ്ചാവും 240 ഗ്രാം ചരസ്സും കാറിനടിയിലെ രഹസ്യ അറയിൽ വച്ചാണ് സംസ്ഥാനത്തേക്ക് കള്ളക്കടത്ത് നടത്തിയത്. കേസിൽ ജയിലിൽ കഴിയുന്ന മുഖ്യ പ്രതിയായ അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരൻ ജി.കെ എന്ന ജോർജുകുട്ടിക്കും നാലാം പ്രതി പൂപ്പാറ ബിജു എന്ന ബിജു ജോസഫിനുമാണ് പ്രൊഡക്ഷൻ വാറണ്ട്. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജോർജുകുട്ടിയെയും ബിജുവിനെയും സെപ്റ്റംബർ 29 ന് ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയച്ചത്.
വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് പ്രതികളെ ഹാജരാക്കാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 267 പ്രകാരമാണ് കോടതി പ്രൊഡക്ഷൻ വാറണ്ടയച്ചത്. തെളിവെടുപ്പിനിടെ ബാംഗ്‌ളൂരിൽ വച്ച് ജി. കെ. ക്ക് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാനും ഒളിത്താവളങ്ങൾ ഒരുക്കുന്നതിനും സഹായിച്ച കേസിലെ രണ്ടും മൂന്നും പ്രതികളായ കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ , മുഹമ്മദ് ഷാഹിർ എന്നിവരും സെപ്റ്റംബർ 29 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു.
അതേ സമയം, തന്നെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ മജിസ്‌ട്രേട്ടിന് നൽകിയ പരാതിയുടെ പകർപ്പ് വേണമെന്ന് ജി.കെ. കോടതിയിൽ ഹർജി ബോധിപ്പിച്ചു. അപ്രകാരം പരാതി സമർപ്പിച്ചിട്ടുണ്ടെങ്കിൽ കേസ് റെക്കോഡു പരിശോധിച്ച് കണ്ടെത്താൻ ജഡ്ജി കെ.പി.അനിൽകുമാർ കോടതി ബെഞ്ച് ക്ലാർക്കിന് നിർദ്ദേശം നൽകി. ജി.കെ. എന്ന ജോർജ്കുട്ടി , കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ, മുഹമ്മദ് ഷഹീർ ,ബിജു ജോസഫ് എന്ന പൂപ്പാറ ബിജു എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന 1 മുതൽ 4 വരെയുള്ള പ്രതികൾ.
2019 ജൂൺ 22നാണ് കേസിനാസ്പദമായ ലഹരി കള്ളക്കടത്ത് നടന്നത്. അന്തർ സംസ്ഥാന ലഹരി കടത്തുകാരൻ കോട്ടയം ഓണം തുരുത്ത് ചക്കുപുരയ്ക്കൽ വീട്ടിൽ നിന്നും നിലവിൽ ബംഗ്‌ളുരു ബെല്ലാരിയിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന ജി.കെ.എന്ന ജോർജു കുട്ടി ( 34 ) യാണ് പിടിയിലായത്. ലഹരിക്കടത്തുകാർക്കിടയിലാണ് ഇയാൾ ജി.കെ. എന്ന അപര നാമത്തിൽ അറിയപ്പെടുന്നത്. ബംഗ്‌ളുരുവിൽ നിന്ന് തലസ്ഥാനത്തേക്ക് വൻതോതിൽ നർകോട്ടിക് ഡ്രഗ്‌സ് ഇയാൾ കാറിൽ കടത്തവേ എക്‌സൈസ് പിടിയിലാവുകയായിരുന്നു. കോവളം - കാരോട് ബൈപ്പാസിൽ വാഴമുട്ടം ദേശീയ പാതയിൽ വച്ചാണ് ഇയാൾ സഞ്ചരിച്ച കാർ എക്‌സൈസ് സംഘം പിൻ തുടർന്ന് തടഞ്ഞത്. 20 കോടി രൂപ വിലയുള്ള 20 കിലോഗ്രാം ഹാഷിഷും 2.5 കിലോഗ്രാം കഞ്ചാവും 240 ഗ്രാം ചരസും കാറിനടിയിൽ നിർമ്മിച്ച രഹസ്യ അറക്കുള്ളിൽ വച്ച് ഇയാൾ കടത്തിക്കൊണ്ടു വരുകയായിരുന്നു. കാറിന്റെ അടിയിൽ കയറി നടത്തിയ പരിശോധനയിലാണ് ഡിക്കിക്ക് താഴെ സ്റ്റെപ്പിനി ടയറിന് സമീപം നിർമ്മിച്ച രഹസ്യ അറ കണ്ടെത്തിയത്. മൂവാറ്റുപുഴയിൽ നിന്ന് വാങ്ങിയ കാർ തേനിയിലെത്തിച്ചാണ് രഹസ്യ അറ നിർമ്മിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്