തിരുവനന്തപുരം : ബി. എസ്. എൻ. എൽ എഞ്ചിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസിൽ നാഗർകോവിൽ ബി.എസ്.എൻ.എൽ ഡെപ്യൂട്ടി ജനറൽ മാനേജരും സഹകരണ സംഘം വൈസ് പ്രസിഡന്റുമായ ശ്രീകാര്യം ചെറുവള്ളി ലെയിൻ ജി.ആർ.എ.എം-സി-84 ഇന്ദീവരത്തിൽ മിനിമോളുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് ഹർജി തള്ളിയത്.

അന്വേഷണ സംഘത്തിന്റെ നിലപാടിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഹർജിക്കാരി മാർച്ച് മാസത്തിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി ഇതേ കോടതി നേരത്തേ തള്ളിയിരുന്നു. അന്ന് ഹർജി തള്ളിയത് മുതൽ മൂന്ന് മാസം ഉണ്ടായിട്ടും പ്രതിയെ പിടികൂടാൻ നിങ്ങൾക്ക് ആയില്ലേയെന്ന് കോടതി ചോദിച്ചു. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യകത ഇല്ലാത്തതുകൊണ്ടല്ലേ നിങ്ങൾ പ്രതിയെ പിടികൂടാതിരുന്നതെന്നും കോടതി ചോദിച്ചു. വീണ്ടും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ളതുകൊണ്ട് ജാമ്യം നൽകരുതെന്ന് നിങ്ങൾക്ക് എങ്ങനെ കോടതിയോട് ആവശ്യപ്പെടാനാകും എന്നായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം.കേസിൽ പ്രതിയുടെ നിർണ്ണായക പങ്ക് പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽ പ്പെടുത്തിയതിനെ തുടർന്ന് കോടതി ജാമ്യ ഹർജി തള്ളുകയായിരുന്നു.

നിക്ഷേപകർക്ക് വ്യാജ നിക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകി ഉദ്ദേശം 250 കോടിയിലേറെ രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. മിനിമോൾ കേസിലെ പത്താം പ്രതിയാണ്. പ്രതികൾക്കെതിരെ ഉദ്ദേശം എഴുന്നൂറിലധികം കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. 1255 നിക്ഷേപകരിൽ നിന്ന് 45 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പ്രാരംഭ അന്വേഷണത്തിൽ കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിലാണ് കോടികൾ തട്ടിയെടുത്ത പ്രതികൾ തങ്ങളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇഷ്ടക്കാരുടെയും പേരിൽ നിരവധി വസ്തുക്കളും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലടക്കം നിക്ഷേപങ്ങളും നടത്തിയിരിക്കുന്നതായി കണ്ടെത്തിയത്.പ്രോസിക്യൂഷന് വേണ്ടി അഢീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.