- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്കല നിഖിത കൊലക്കേസിൽ പ്രതി അനീഷിനെ മെന്റൽ ഹെൽത്ത് സെന്ററിലേക്ക് മാറ്റി; റിപ്പോർട്ട് കോടതിയിൽ നൽകി ജയിൽ സൂപ്രണ്ട്; അനീഷ് ഭാര്യയെ കൊലപ്പെടുത്തിയത് സംശയരോഗത്താൽ
തിരുവനന്തപുരം: വർക്കല നിഖിത കൊലക്കേസ് പ്രതി പ്രവാസി അനീഷ് എന്ന അമ്പുവിനെ ജയിലിൽ നിന്ന് പേരൂർക്കട മെന്റെൽ ഹെൽത്ത് സെന്ററിലേയ്ക്ക് മാറ്റിയതായി ജയിൽ സൂപ്രണ്ട് തലസ്ഥാന വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷൻസ് കോടതി മുമ്പാകെയാണ് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് പ്രതിയെ ഹാജരാക്കാതെയുള്ള റിമാന്റ് വാറണ്ട് റിപ്പോർട്ട് സഹിതം ഹാജരാക്കിയത്.
ജയിൽ ഡോക്ടറുടെ പരിശോധനയിൽ മാനസിക പ്രശ്‌നങ്ങൾ കണ്ടെത്തിയതിന്റെ വെളിച്ചത്തിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സക്കായി അഡ്‌മിറ്റ് ചെയ്ത് ഐ.പി.നമ്പരായി കഴിയുന്നതായാണ് ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് ജാമ്യം നിരസിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി അമ്പുവിന്റെ റിമാന്റ് സെപ്റ്റംബർ 12 വരെ കോടതി ദീർഘിപ്പിച്ചു. അമ്പുവിനെ ഹാജരാക്കാൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു.
2022 സെപ്റ്റംബർ 6 വെളുപ്പിന് 2 മണിക്കാണ് നാടിനെ ഞെട്ടിച്ച കൊലപാതക സംഭവം നടന്നത്. പുലർച്ചെ വർക്കല അയന്തിയിലെ അനീഷിന്റെ വീട്ടിലായിരുന്നു ദാരുണമായ കൃത്യം നടന്നത്.
2022 ജൂലായ് എട്ടാം തീയതിയാണ് നിഖിതയും അനീഷും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും വിദേശത്തേക്ക് പോയി. പത്തുദിവസം മുമ്പാണ് നവദമ്പതിമാർ നാട്ടിൽ തിരിച്ചെത്തിയത്. അനീഷിന്റെ കാലിന് പരിക്കേറ്റതിനാൽ ഇതിന്റെ ചികിത്സയ്ക്കായാണ് ഇരുവരും നാട്ടിൽ വന്നത്. എന്നാൽ ദമ്പതിമാർക്കിടയിൽ വഴക്കും തർക്കവും ഉണ്ടായിരുന്നതായാണ് വിവരം.
അനീഷിന് ഭാര്യയെക്കുറിച്ചുണ്ടായിരുന്ന സംശയമാണ് വഴക്കിന് കാരണമായിരുന്നത്. സെപ്റ്റംബർ 5 തിങ്കളാഴ്ച രാത്രിയിലും ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച പുലർച്ചെ അനീഷ് ഭാര്യയെ കൊലപ്പെടുത്തിയത്.
നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചും വയറിൽ കുത്തിയുമാണ് അനീഷ് ഭാര്യയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഖിതയെ ഉടൻതന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവസമയം അനീഷിന്റെ വീട്ടിൽ മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്