- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാഷിഷ് ഓയിൽ കടത്ത് കേസ്: സെൻട്രൽ ജയിലിൽ ക്രൂര മർദ്ദനത്തിനിരയായ പ്രതി രാജുവിനെ ജില്ലാ ജയിലിലേക്ക് മാറ്റി; തുടർ പരാതിയില്ലെന്ന് രാജു കോടതിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് വെൺപാലവട്ടത്ത് കാറിൽ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച 11കോടി രൂപയുടെ ഹാഷിഷ് ഓയിൽ കേസിൽ, സെൻട്രൽ ജയിലിൽ ക്രൂര മർദ്ദനത്തിനിരയായ മൂന്നാം പ്രതി രാജുവിനെ ജില്ലാ ജയിലിലേക്ക് മാറ്റിയതായി പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് തലസ്ഥാന വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ജി. രാജേഷ് മുമ്പാകെയാണ് ജയിൽ മാറ്റ റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ട് പരിഗണിക്കവേ കോടതിയിൽ ഹാജരാക്കിയ രാജു മർദ്ദനമേറ്റ സംഭവത്തിൽ തനിക്ക് തുടർ പരാതിയില്ലെന്ന് കോടതിയിൽ ബോധിപ്പിച്ചു. മൃഗീയ മർദ്ദനമേറ്റതായി രാജു സമർപ്പിച്ച പരാതിയിൽ റിപ്പോർട്ട് ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് നൽകിയ ഉത്തരവിലാണ് പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റിയതായി കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരന് തുടർ പരാതിയില്ലാത്തതിനാൽ മർദ്ദന പരാതി കോടതി ക്ലോസ് ചെയ്തു.
അതേ സമയം രാജു അടക്കമുള്ള കൊച്ചിക്കാരായ 3 പ്രതികൾക്കെതിരെ തലസ്ഥാന ജില്ലാ വിചാരണ കോടതിയിൽ നടക്കുന്ന വിചാരണ അന്തിമഘട്ടത്തിലെത്തി. എറണാകുളം സ്വദേശികളായ മനുവിൽസൺ, അൻവർ സാദത്ത്, രാജു എന്നിവരാണ് വിചാരണ നേരിട്ട പ്രതികൾ. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ ലഹരി വേട്ടയിൽ തൊണ്ടി ഹാഷിഷ് ഓയിലുമായി എറണാകുളം സ്വദേശികളായ 3 പേർ പിടിയിലായ കേസിലാണ് വിചാരണ പൂർത്തിയാകുന്നത്. 2019 മുതൽ ജാമ്യം നിരസിക്കപ്പെട്ട് പ്രതികൾ കൽ തുറുങ്കിൽ കഴിഞ്ഞ് കസ്റ്റോഡിയൽ വിചാരണ നേരിടുകയാണ്. പ്രോസിക്യൂഷൻ ഭാഗത്തേക്ക് 11 സാക്ഷികളെ വിസ്തരിക്കുകയും 25 തൊണ്ടി മുതലുകളും 102 രേഖകളും കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു. പ്രതി ഭാഗത്തേക്ക് 2 സാക്ഷികളെ വിസ്തരിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്