തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ വിളമ്പിയ മട്ടൻ കറി അളവ് കുറഞ്ഞു പോയതിൽ പ്രകോപിതനായ തടവുകാരൻ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ പ്രതി വയനാട് സ്വദേശി ഫൈജാസിനെതിരെ 10 വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി പൂജപ്പുര പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് പൂജപ്പുര പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കുറ്റപത്രം സമർപ്പിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (ബി) (അസഭ്യ വാക്കുകൾ വിളിക്കൽ) , 353 ( പൊതുസേവകരായ ജയിൽ ഉദ്യോഗസ്ഥർ തങ്ങളുടെ കർത്തവ്യത്തിൽ നിന്ന് ഭയന്ന് പിന്മാറണമെന്ന ഉദ്ദേശ്യത്തോടെ അവർക്ക് നേരെ കെയ്യേറ്റവും ബലപ്രയോഗവും ചെയ്യൽ ) , 323 ( ദേഹോപദ്രവമേൽപ്പിക്കൽ) , 325 (പൊതുസേവകരെ സ്വേച്ഛയാ കഠിന ദേഹോപദ്രവമേൽപ്പിക്കൽ) , 333 (പൊതുസേവകരെ കഠിന ദേഹോപദ്രവമേൽപ്പിക്കൽ) എന്നീ വകുപ്പുകൾ ചുമത്തിയുള്ള താണ് പൊലീസ് കുറ്റപത്രം.

അതേ സമയം തന്നെ ക്രൂരമായി മർദ്ദിച്ചതിന് ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടും പ്രിസൺ ഓഫീസർമാരുമടക്കം 6 പേർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഫൈജാസ് തുണിക്കഷണത്തിൽ എഴുതി സമർപ്പിച്ച പരാതിയിൽ കോടതി നേരിട്ട് അന്വേഷണം തുടങ്ങി. അഡീ.സി ജെ എം എൽസാ കാതറിൻ ജോർജ് ഫൈജാസിന്റെയും സാക്ഷികളായ രണ്ടു ജയിൽ അന്തേവാസികളുടെയും മൊഴി രേഖപ്പെടുത്തി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പീഡനമെന്ന് നിരീക്ഷിച്ച കോടതി ഫൈജാസിന് വൈദ്യസഹായം നൽകാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പ്രത്യേക നിർദ്ദേശം നൽകി. സ്‌കാനിങ് റിപ്പോർട്ട് ഹാജരാക്കാനും ഉത്തരവിട്ടു. പരാതി എഴുതാൻ ജയിൽ ഉദ്യോഗസ്ഥർ പേപ്പർ തരാത്തതിനാലാണ് താൻ തുണിക്കഷണത്തിൽ പരാതി എഴുതേണ്ടി വന്നതെന്നന്നും ഫൈജാസ് കോടതിയിൽ ബോധിപ്പിച്ചു. ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് ഉണ്ണിക്കൃഷ്ണൻ , ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ ശ്രീകൃഷ്ണദാസ് , കിഷോർ , കെ.മനോജ് , ഇർഷാദ് , കണ്ടാലറിയാവുന്ന അസി. പ്രിസൺ ഓഫീസർ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് ഫയാസ് കോടതിയിൽ സമർപ്പിച്ച തുണിക്കഷണത്തിലെഴുതിയ പരാതിയിലെ ആവശ്യം.

വയനാട് സ്വദേശി ഫൈജാസ് എന്ന ശിക്ഷാ തടവുകാരൻ ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തുവെന്നാണ് പൊലീസ് കേസ്. ശനിയാഴ്ച ഉച്ചയ്ക്കു 2.30ന് ആയിരുന്നു സംഭവം. രണ്ടര വർഷം മുൻപ് കണ്ണൂർ ജയിലിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിലിലെത്തിയ ഫൈജാസിന്റെ അക്രമസ്വഭാവം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നാണ് ജയിൽ ഉദ്യോഗസ്ഥരുടെ ഭാഷ്യം.