തിരുവനന്തപുരം : തൊഴിലാളികൾ മദ്യപിക്കുന്നതും വഴക്കിടുന്നതും മൊബൈലിൽ പകർത്തി കെട്ടിട നിർമ്മാണ കരാറുകാരന് അയച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ സുഹൃത്തുക്കളുടെ അടിയേറ്റ് തൊഴിലാളി കൊല്ലപ്പെട്ട കിളിമാനൂർ ചെല്ലമണി കൊലക്കേസിൽ പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിന് ഒക്ടോബർ 16 ന് ഹാജരാക്കാനാണ് കോടതി ഉത്തരവ്. പ്രതികളായ എറണാകുളം പാതാളം നിവാസികളും തമിഴ്‌നാട് സ്വദേശികളുമായ മുരുകൻ (37), കൃഷ്ണൻ (38) എന്നിവരെയാണ് കിളിമാനൂർ സർക്കിൾ ഇൻസ്‌പെക്ടർ ഹാജരാക്കേണ്ടത്.

2020 ജനുവരി 12 ന് കിളിമാനൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം ഉദ്യോഗമണ്ഡൽ ഏലൂർ ഈസ്റ്റ് പാതാളം കൊല്ലംപറമ്പിൽ കോടത്ത് പി.ചെല്ലമണി (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മറ്റൊരു തൊഴിലാളിയായ വയനാട് സ്വദേശി നിധീഷ്(28) ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.

കിളിമാനൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിനായി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പൈലിങ് ശക്തി പരിശോധനയ്ക്ക് എത്തിയ ആറംഗ സംഘത്തിലെ തൊഴിലാളിയാണ് ചെല്ലമണി. ഭാര്യ കാർത്തിയും മക്കൾ പ്രിയങ്ക, ഹരികൃഷ്ണൻ എന്നിവരുമാണ്. തലയ്ക്കു പരുക്കേറ്റ് അവശനിലയിൽ നിധീഷിനെ ജനുവരി 13 ന് രാവിലെ റോഡിൽ കണ്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് ചെല്ലമണിയെ കൊല്ലപ്പെട്ട നിലയിൽ ഓഫിസിനു മുന്നിലെ വരാന്തയിൽ കണ്ടെത്തിയത്.

കൈ കൊണ്ടുള്ള ശക്തമായി അടിയേറ്റതും ചുടു കല്ലു കൊണ്ട് തലയ്‌ക്കേറ്റ ക്ഷതവുമാണ് മരണ കാരണമെന്നു പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. ചെല്ലമണിയുടെ മൂക്കിനും തലയ്ക്കും ശക്തമായ ക്ഷതമേറ്റ പാടുകളുണ്ട്. പല്ലുകൾ ഇളകി പോയിരുന്നു. നിധിഷീനെ പൊലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.2020 ജനുവരി 10 വെള്ളിയാഴ്ചയാണ് പാതാളത്തു നിന്ന് തൊഴിലാളിസംഘം കിളിമാനൂരിൽ എത്തിയത്. പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

ഇതിനോടുള്ള കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത്. നിർമ്മാണത്തിനു ശേഷം തൊഴിലാളികൾ രാത്രി ഉറങ്ങുന്നതും പഞ്ചായത്ത് ഓഫിസ് വളപ്പിലെ വരാന്തയിലാണ്. ജോലി സമയത്ത് മദ്യപിക്കാൻ പാടില്ലെന്ന കരാറുകാരന്റെ നിർദ്ദേശം ചെല്ലമണിയും നിധിഷും ഒഴികെയുള്ളവർ ലംഘിച്ചിരുന്നു. മദ്യപിക്കുന്ന രംഗം ചെല്ലമണിയുടെ മൊബൈൽ ഫോണിൽ നിധീഷ് പകർത്തി എറണാകുളത്തുള്ള കരാറുകാരൻ രാമമൂർത്തിക്ക് വാട്‌സാപ് വഴി അയച്ചു കൊടുത്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ചെല്ലമണി കരാറുകാരന്റെ ബന്ധുവാണ്. ഞായറാഴ്ച പണി ഇല്ലായിരുന്നു. അന്ന് രാവിലെ മുതൽ ആറു പേരും ചേർന്നു മദ്യപാനം തുടങ്ങി. രാത്രി 9.30 മണിയോടെ മദ്യപാനം തുടരുന്നതിനിടെ വാക്ക് തർക്കവും അടിപിടിയും ഉണ്ടായി. കിളിമാനൂർ പൊലീസ് ഇൻസ്‌പെക്ടർ കെ.ബി.മനോജ്കുമാർ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത് .