- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾക്ക് അഞ്ചുവർഷത്തെ കഠിനതടവ്
പത്തനംതിട്ട: യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ സഹോദരന്മാരായ പ്രതികൾക്ക് അഞ്ചുവർഷത്തെ കഠിനതടവും 31,000 രൂപ വീതം പിഴയും. കല്ലൂപ്പാറ കടമാൻകുളം കടമാൻകുളത്ത് വീട്ടിൽ വാവച്ചൻ എന്ന് വിളിക്കുന്ന അഭിലാഷ് (36), സഹോദരൻ കൊച്ചുമോനെന്നു വിളിക്കുന്ന അശോകൻ (32) എന്നിവരെയാണ് അഡിഷണൽ സെഷൻസ് കോടതി നാല് ജഡ്ജി പി പി പൂജ ശിക്ഷിച്ചത്. സമീപവാസിയായ ബിജു (42)വാണ് പ്രതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആകെ ഏഴര വർഷമാണ് ശിക്ഷ വിധിച്ചതെങ്കിലും ഒരുമിച്ച് അഞ്ചു വർഷം ശിക്ഷ അനുഭവിച്ചാൽ മതി. ആകെ 31000 രൂപ വീതം ഇരുവർക്കും പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഏഴു മാസത്തെ തടവ് കൂടി അനുഭവിക്കണം.
2013 ഡിസംബർ 19 നാണ് കേസിന് ആസ്പദമായ സംഭവം. കടമാൻകുളത്ത് പബ്ലിക് റോഡിൽ മദ്യപിച്ച് അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത വിരോധത്താൽ കമ്പ്, കമ്പിവടി എന്നിവ കൊണ്ട് പ്രതികൾ ബിജുവിന്റെ തലയ്ക്കും മറ്റും അടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. ആദ്യം മനഃപൂർവല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ചികിത്സയിലിരിക്കെ ബിജു മരിച്ചു. നിലവിൽ പത്തനംതിട്ട ജില്ലാ ്രൈകം ബ്രാഞ്ച് ഡിവൈ.എസ്പിയും അന്നത്തെ കീഴ്വായ്പ്പൂർ എസ്ഐയുമായിരുന്ന ജി. സുനിൽ കുമാറാണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് പൊലീസ് ഇൻസ്പെക്ടർ ജി. സന്തോഷ് കുമാർ, ബിനു വർഗീസ് എന്നിവരും അന്വേഷണം നടത്തി. ബിനു വർഗീസാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കടമാൻകുളത്തെ മോനച്ചന്റെ ഫർണിച്ചർ കടയിൽ സഹായി ആയിരുന്നു ബിജു. സംഭവദിവസം രാത്രി ഒമ്പതു മണിയോടെ കടയുടെ മുൻവശം റോഡിൽ മദ്യപിച്ച് അസഭ്യം വിളിച്ചുനിന്ന അഭിലാഷിനെ ചോദ്യം ചെയ്ത ബിജുവിനെ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചു. കടയിലെ മറ്റു ജോലിക്കാർ ചേർന്ന് അയാളെ ഒഴിവാക്കി വിട്ടെങ്കിലും രാത്രി 10 മണിയോടെ സഹോദരൻ അശോകനുമായെത്തി കമ്പും കമ്പിവടിയും ഉപയോഗിച്ച് ആക്രമിച്ചുതലയ്ക്കും മറ്റും പരിക്കേൽപ്പിച്ചു എന്നായിരുന്നു കേസ്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. രേഖ ആർ. നായർ, അഡ്വ. സന്ധ്യ ടി. വാസു എന്നിവർ ഹാജരായി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്