തിരുവനന്തപുരം: മാട്രിമോണിയൽ വെബ് സൈറ്റിലൂടെ ഡോക്ടർ ചമഞ്ഞ് ആൾമാറാട്ടം നടത്തി തലസ്ഥാനത്തെ യുവതിയിൽ നിന്നും 22.75 ലക്ഷം രൂപ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചെടുത്ത കേസിൽ ജാമ്യത്തിൽ കഴിയുന്ന 2 ത്രിപുര സ്വദേശികൾക്ക് 3 മാസത്തേക്ക് ത്രിപുര സന്ദർശിച്ചു മടങ്ങാൻ കോടതി അനുമതി നൽകി. തലസ്ഥാന ജില്ല വിട്ടു പോകരുതെന്ന ജാമ്യ വ്യവസ്ഥയിലാണ് 3 മാസ ഇളവ് അനുവദിച്ചത്. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.

ത്രിപുര സ്വദേശികളായ കുമാർ ജമാതിയ (36), സൂരജ് ദെബ്ബർമ (27) എന്നീ പ്രതികളുടെ ജാമ്യവ്യവസ്ഥയിൽ ഭേദഗതി വരുത്തണമെന്ന ഹർജിയിലാണ് കോടതി ഉത്തരവ്. ത്രിപുരയിൽ താമസിക്കുന്ന വിലാസം ഹാജരാക്കാനും കോടതി ഉത്തരവിട്ടു. കേരളത്തിൽ മടങ്ങിയെത്തിയ ശേഷം നവംബർ 23 മുതൽ എല്ലാ വ്യാഴാഴ്ചയും സിറ്റി സൈബർ പൊലീസ് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ പ്രതികൾ ഹാജരാകാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശിയായ യുവതിക്കാണ് മാട്രിമോണിയൽ സൈറ്റ് തട്ടിപ്പിൽ പണം നഷ്ടമായത്. ത്രിപുര സ്വദേശികളായ കുമാർ ജമാതിയ (36), സൂരജ് ദെബ്ബർമ (27) , സഞ്ജിത് ജമാതിയ (40), ) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ത്രിപുരയിലെ തെലിയമുറയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2023 മാർച്ച് 24 നാണ് പ്രതികൾ അറസ്റ്റിലായത്.

വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം പ്രതികളിലൊരാൾ യുവതിയെ വാട്‌സാപ് വഴി ബന്ധപ്പെടുകയായിരുന്നു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിൽ ഡോക്ടറെന്ന് വിശ്വസിപ്പിച്ച് വിവാഹലോചന നടത്തുകയും തുടർന്ന് പ്രണയത്തിലാവുകയുമായിരുന്നു. തുടർന്ന് യുവതിയുടെ പേരിൽ വിദേശത്ത് ബിസിനസ് ആരംഭിക്കാമെന്ന് പറഞ്ഞ് 22,75,000 വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ഈ സംഘം കൈവശപ്പെടുത്തി.

മാട്രിമോണിയൽ സൈറ്റുകൾ വഴി വിവാഹ ആലോചനകൾ ക്ഷണിച്ച് പരസ്യം നൽകുന്ന യുവതികളുടെ പ്രൊഫൈൽ പരിശോധിച്ച് വ്യക്തിഗത വിവരങ്ങൽ കരസ്ഥമാക്കി അവരുമായി സാമൂഹിക മാധ്യമങ്ങളിലൂടെ സംവദിച്ച് വിശ്വാസത്തിലെടുത്തു കബളിപ്പിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി വ്യാജപേരുകളിൽ ഫേസ്‌ബുക്ക്, വാട്‌സാപ് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ പരാതികൾ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ലഭിച്ചതിനെ തുടർന്നു അസി. കമ്മിഷണർ പി. പി. കരുണാകന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇൻസ്‌പെക്ടർ പി. ബി. വിനോദ്കുമാർ, എസ്‌ഐ കെ.എൻ. ബിജുലാൽ, എസ്സിപിഒമാരായ ബി.ബെന്നി, ടി. അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.