തിരുവനന്തപുരം: വെഞ്ഞാറമൂട് മണലിമുക്കിൽ മരപ്പൊടിയെന്ന വ്യാജേന ചാക്കുകളിലാക്കി കോഴി ഫാമിൽ 60 കിലോ കഞ്ചാവ് സൂക്ഷിച്ച കേസിൽ, തന്നെ വിചാരണ കൂടാതെ കുറ്റ വിമുക്തനാക്കണമെന്ന രണ്ടാം പ്രതിയുടെ വിടുതൽ ഹർജി തലസ്ഥാന വിചാരണ കോടതി തള്ളി. തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ശ്രീമതി ആജ് സുദർശന്റേതാണുത്തരവ്.

തനിക്കെതിരായ എക്‌സൈസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാൽ തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്നായിരുന്നു വിടുതൽ ഹർജിയിലെ പ്രതിയുടെ ആവശ്യം. അതേ സമയം കേസ് റെക്കോഡുകൾ പരിശോധിച്ചതിൽ പ്രതികളെ കൃത്യവുമായി ബന്ധിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് നിരീക്ഷിച്ചാണ് കോടതിയുത്തരവ്. മൂന്നു പ്രതികളും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു.

2021 ഒക്ടോബർ 24 മുതൽ റിമാന്റിൽ കഴിയുന്ന ഫാം ഉടമയുടെ ബന്ധുവായ ഒന്നാം പ്രതിയുടെ ജാമ്യഹർജിയും കോടതി തള്ളി. ഒന്നാം പ്രതി കസ്റ്റോഡിയൽ വിചാരണ നേരിടാനും കോടതി ഉത്തരവിട്ടു. ഒന്നാം പ്രതി നെടുമങ്ങാട് അഴിക്കോട് കരിമരക്കോട് സ്വദേശി അക്‌ബർഷാ എന്ന ഷാൻ (29) ആണ് കസ്റ്റോഡിയൽ വിചാരണ നേരിടേണ്ടത്. കൂട്ടു പ്രതികളായ രണ്ടാം പ്രതി യദുകൃഷ്ണൻ, മൂന്നാം പ്രതി മുഹമ്മദ് യുനൈസ് എന്നിവർ ജാമ്യത്തിലാണ്. വെഞ്ഞാറമൂടിനു സമീപം മണലിമുക്കിൽ പ്രവർത്തിക്കുന്ന കോഴി ഫാമിലാണ് മൂന്ന് ചാക്കുകളിൽ 26 പൊതികളിലായി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഫാമിന്റെ ഉടമയുടെ അകന്ന ബന്ധു അക്‌ബർ ഷായാണ് ആദ്യം അറസ്റ്റിലായത്.

മരപ്പൊടിയാണെന്നു ഉടമയെ തെറ്റിദ്ധരിപ്പിച്ച് ഇയാൾ ചാക്കുകെട്ടുകൾ കൊണ്ടു വയ്ക്കുകയായിരുന്നുവെന്ന് എക്‌സൈസ് കുറ്റപത്രത്തിൽ പറയുന്നു. കൃത്യം എക്‌സൈസ് കണ്ടു പിടിക്കുന്നതിന് മൂന്നു ദിവസം മുൻപ് അക്‌ബർഷാ മൂന്നു ചാക്കുകളുമായി എത്തി മരപ്പൊടിയാണെന്നും 8 ചാക്കുകൾ കൂടി എത്താനുണ്ടെന്നും എല്ലാം കൂടി ഒരുമിച്ചു കൊണ്ടു പോകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ബന്ധുവിന്റെ കോഴി ഫാമിൽ വയ്ക്കുകയായിരുന്നു.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ചാക്കുകൾ എലി വെട്ടി അകത്തുള്ള കഞ്ചാവ് പുറത്തുവീണു. താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഫാം ഉടമ എക്‌സൈസ് ഉന്നതാധികാരികളെ രഹസ്യമായി വിവരമറിയിക്കുകയായിരുന്നു. എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി ചാക്കിൽ കഞ്ചാവാണന്നു സ്ഥിരീകരിച്ചതിനു ശേഷം അക്‌ബർഷായെ നെടുമങ്ങാട് വീട്ടിൽ നിന്ന് അറസ്റ്റു ചെയ്തു. എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സിഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. അന്വേഷണത്തിൽ മറ്റു പ്രതികളുടെ പങ്കും പങ്കാളിത്തവും കണ്ടെത്തിയതിനാൽ അവരെ കൂടി പ്രതിസ്ഥാനത്ത് ചേർത്ത് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.