തിരുവനന്തപുരം: സെക്കന്തരാബാദ് മിലിട്ടറി ഡയറി ഫാം മാനേജരും ഭാര്യയും ചേർന്ന് ഒരു .കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ 18 ന് തിരുവനന്തപുരം സി ബി ഐ കോടതി വിചാരണ തീയതി ഷെഡ്യൂൾ ചെയ്യും. കേസ് തെളിയിക്കാനുള്ള സാക്ഷിപ്പട്ടികയിലെ കലണ്ടർ ഓഫ് പോയിന്റ്‌സ് (ഓരോ സാക്ഷിയിലൂടെയും തെളിയുന്ന ഭാഗം) സിബിഐ പ്രോസിക്യൂട്ടർ സി ബി ഐ കോടതി ജഡ്ജി കെ.എസ്.രാജീവ് മുമ്പാകെ സമർപ്പിച്ചു.

സെക്കന്തരാബാദ് മിലിട്ടറി ഫാം മാനേജർ ആയിരുന്ന തിരുവനന്തപുരം വള്ളക്കടവ് കൃഷ്ണ ഭവനിൽ താമസം എൻ. കെ. കെ എന്നറിയപ്പെടുന്ന എൻ.കൃഷ്ണൻകുട്ടി നായർ, ഭാര്യയും വീട്ടമ്മയുമായ ബീന നായർ എന്നിവരാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിചാരണ നേരിടുന്ന പ്രതികൾ. ഇരുവരും 18 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സിബിഐ കുറ്റപത്രത്തിലെ പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിലുള്ള 30 മുതൽ 48 പേരടങ്ങുന്ന സ്വതന്ത്ര സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള ഔദ്യോഗിക സാക്ഷികളെയും വിസ്തരിക്കുന്നതിലേക്കായുള്ള തീയതികൾ റീ ഷെഡ്യൂൾ ചെയ്യാനായാണ് പ്രതികളോട് ഹാജരാകാൻ കോടതി ഉത്തരവിട്ടത്.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തേക്ക് ഇതിനോടകം 29 ഓളം പേരുടെ സാക്ഷി വിസ്താരം പൂർത്തിയായി. സാങ്കേതിക കാരണങ്ങളാൽ നിർത്തി വച്ച വിചാരണ പുനഃക്രമീകരിക്കുന്നതിലേക്കായാണ് പ്രതികളെ വീണ്ടും വിളിച്ചു വരുത്തുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 273 പ്രകാരം വിചാരണയിലുടനീളമുള്ള എല്ലാ തെളിവെടുപ്പുകളും പ്രതികളുടെ സാന്നിദ്ധ്യത്തിൽ ആയിരിക്കണമെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.