- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയുടെ വീടാക്രമിച്ച് ലൈംഗികാതിക്രമവും കവർച്ചയും നടത്തിയ കേസ്; മൂന്നംഗസംഘത്തെ നവംബർ 1 ന് ഹാജരാക്കാൻ ഉത്തരവ്
തിരുവനന്തപുരം: സിറ്റി ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയുടെ വീട് ആക്രമിച്ച് ലൈംഗികാതിക്രമവും കവർച്ചയും നടത്തിയ കേസിൽ കൊടും കുറ്റവാളികളായ മൂന്നംഗസംഘത്തെ ഹാജരാക്കാൻ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. നവംബർ 1ന് പ്രതികളെ ഹാജരാക്കാൻ ഫോർട്ട് അസി. പൊലീന് കമ്മീഷണറോടാണ് കോടതി ഉത്തരവിട്ടത്. മലയിൻകീഴ് സ്വദേശി ധനുഷ് എന്ന വിന്ധ്യൻ എസ് ആർ (34), കരമന നെടുങ്കാട് സ്വദേശി പുഞ്ചിരി വിനോദ് എന്ന വിനോദ് (38) , മലയിൻകീഴ് സ്വദേശി കിച്ചു എന്ന ഹേമന്ദ് (27) എന്നിവരെയാണ് ഹാജരാക്കേണ്ടത്.
2021 ജനുവരി 21ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. അതിക്രമത്തിനിരയായ യുവതിയുടെ സുഹൃത്തായ പെൺകുട്ടിയുടെ ഭർത്താവാണ് മൂന്നാം പ്രതി ഹേമന്ദ്. ഹേമന്ദ് നിരവധി കേസുകളിലെ പ്രതിയാണെന്ന വിവരം പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചെന്നാരോപിച്ചാണ് ഹേമന്ദും സുഹൃത്തുക്കളായ സഹകുറ്റവാളികളും ചേർന്ന് യുവതിയുടെ വീടാക്രമിച്ചത്. ആക്രമണവിവരം പുറത്തുപറയാതിരിക്കാൻ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. വീട്ടുപകരണങ്ങൾ തല്ലിതകർത്ത പ്രതികൾ സ്വർണാഭരണങ്ങൾ കവർന്ന് ഒളിവിൽ പോവുകയും ചെയ്തു. 2021 ജനുവരി 26 നാണ് ഫോർട്ട് പൊലീസും കന്റോൺമെന്റ് പൊലീസും സംയുക്തമായി പ്രതികളെ അറസ്റ്റ് ചെയ്തത്.
അന്നത്തെ സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായയുടെ മേൽനോട്ടത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ. ദിവ്യ വി.ഗോപിനാഥിന്റെ നിർദ്ദേശാനുസരണം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രതാപൻ നായരുടെ നേതൃത്വത്തിൽ രൂപവത്?കരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിലാണ് സംഘം വലയിലായത്. ഹേമന്ദ് മലയിൻകീഴ് പൊലീസിനെ വടിവാൾ വീശി ആക്രമിച്ചതും കഠിനംകുളത്ത് ബോംബെറിഞ്ഞ് ജൂവലറി കൊള്ളയടിച്ചതും ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വിന്ധ്യനും വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. പുഞ്ചിരി വിനോദ് കാപ നിയമപ്രകാരമുള്ള നടപടി നേരിടുന്നയാളാണ്. ഫോർട്ട് എസ്.എച്ച് രാകേഷ്, ഫോർട്ട് എസ്‌ഐമാരായ വിമൽ, സജു എബ്രഹാം, അനുരാജ്, ആശ വി.രേഖ, സെൽവയസ്, കന്റോൺമെന്റ് എസ്‌ഐ സന്തോഷ്, സി.പി.ഒമാരായ സാബു, ബിനു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്