തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീക്ക് നൽകാനെന്ന വ്യാജേനെ പതിനായിരത്തിലേറെ രൂപയുടെ മരുന്ന് വാങ്ങിപ്പിച്ച ശേഷം തിരികെ മെഡിക്കൽ സ്റ്റോറിൽ നൽകി പണം തട്ടിയ കേസിൽ തലസ്ഥാന മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് പുരുഷ നഴ്‌സുമാർ ഹാജരാകാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസട്രേട്ട് കോടതിയുടേതാണുത്തരവ്.

മെയിൽ നഴ്‌സുമാരായ കൊല്ലം ആയിരക്കുഴി സ്വദേശി ഷമീർ. വൈ. ആർ (29), ഓരുടമ്പലം മന്നടിക്കോണം സ്വദേശി ബിവിൻ. എസ്. ലാൽ (33) എന്നിവർ സെപ്റ്റംബർ 25 നാണ് ഹാജരാകേണ്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 409 (പൊതുസേവകർ ചെയ്യുന്ന വിശ്വാസ ലംഘനം) , 201(തെളിവ് നശിപ്പിക്കൽ), 34 (കൂട്ടായ്മ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്താണ് പ്രതികളോട് ഹാജരാകാൻ എ.സി.ജെ.എം. എൽസാ കാതറിൻ ജോർജ് ഉത്തരവിട്ടത്.

2019 സെപ്റ്റംബറിലാണ് കേസിനാസ്പദമായ മരുന്നു തട്ടിപ്പ് സംഭവം നടന്നത്. കാട്ടായിക്കോണം സ്വദേശിനി ബേബി തന്റെ മകൻ വിപിന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവെ കാര്യവട്ടത്തിന് സമീപം നടന്ന വാഹന അപകടത്തിൽ ബേബിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അർദ്ധ ബോധാവസ്ഥയിൽ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച ബേബിക്ക് അടിയന്തര ശസ്ത്രക്രിയയ്ക്ക് വില കൂടിയ മരുന്നുകൾ വാങ്ങാൻ ഡ്യൂട്ടി നഴ്‌സുമാർ കുറിപ്പടി നൽകി. ആശുപത്രിക്ക് പുറത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ നിന്നും 10,793 രൂപയുടെ മരുന്നാണ് വാങ്ങിയത്. ഓപ്പറേഷൻ തിയേറ്ററിലേക്ക് മരുന്ന് കൈമാറവെ, ബില്ല് കൂടി സ്റ്റാഫ് നഴ്‌സ് ഷമീർ രോഗിയുടെ ബന്ധുക്കളിൽ നിന്ന് കൈക്കലാക്കി.

സെപ്റ്റംബർ 7 ന് ബില്ലിന്റെ ഡ്യൂപ്ലിക്കേറ്റ് ആവശ്യപെട്ട് ബന്ധുക്കൾ മെഡിക്കൽ സ്റ്റോറിൽ എത്തിയപ്പോഴാണ് രണ്ട് പേർ മരുന്നും ബില്ലും തിരികെ നൽകി പണം കൈപ്പറ്റിയതായി അറിഞ്ഞത്. തുടർന്ന് മെഡിക്കൽ കോളേജ് എസ്‌ഐ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇരുവരെയും 2019 സെപ്റ്റംബർ 8 നാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.