തിരുവനന്തപുരം : പൊലീസിൽ നിന്ന് വിരമിച്ച ശേഷം കൃത്യമായി മാസം തോറും പെൻഷൻ വാങ്ങുന്ന ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ലെന്ന പൊലീസ് വാദം അംഗീകരിക്കില്ലെന്ന് കോടതി. ആർ. എസ്. എസ് നഗർ സേവാ പ്രമുഖ് രാജഗോപാൽ ആശാരിയുടെ ജേഷ്ഠൻ മണക്കാട് മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പനാശാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ സാക്ഷിയായി വിസ്തരിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ലെന്ന ഫോർട്ട് പൊലീസ് റിപ്പോർട്ട് ആണ് കോടതിയെ ചൊടിപ്പിച്ചത്.

കേസ് വിചാരണ നടക്കുമ്പോൾ പൊലീസിന്റെ ഭാഗത്ത് നിന്നും ഇതുപോലുള്ള നിരുത്തരവാദിത്വപരമായ പ്രവർത്തികൾ ഒരിക്കലും അനുവദനീയമല്ല. ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നൽകി. ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസൂൻ മോഹനാണ് വിചാരണക്കിടെ പൊലീസിനെ രൂക്ഷമായി വിമർശിച്ചത്.

സംഭവ ദിവസം ഗുരുതരമായി പരിക്കേറ്റ കൊല്ലപ്പെട്ട അയ്യപ്പനാശാരിയെും മറ്റുള്ളവരെയും ആശുപത്രിയിൽ എത്തിച്ചത് അന്ന് പട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ എം. എസ്. തങ്കരാജ് ആയിരുന്നു. സർവ്വീസിൽ നിന്ന് വിരമിച്ച തങ്കരാജിനെ കണ്ടെത്താനായില്ലെന്ന റിപ്പോർട്ടാണ് ഫോർട്ട് പൊലീസ് കോടതിയിൽ നൽകിയത്.

അയ്യപ്പനാശാരിയുടെ മരണത്തിന് ഇടയാക്കിയ മുറിവ് ഉണ്ടാക്കാൻ ഒന്നാം പ്രതി കടച്ചൽ അനി ഉപയോഗിച്ച് വാൾ മുൻ ഫോറൻസിക് വിദഗ്ദ ഡോ.ശശികല കോടതിയിൽ തിരിച്ചറിഞ്ഞു. അയ്യപ്പനാശാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ദൃക്‌സാക്ഷിയായെത്തിയ ആർ. എസ്. എസ് പ്രവർത്തകൻ കൂറുമാറി പ്രതികൾക്ക് അനുകൂലമായി മൊഴി നൽകി. രാജഗോപാലിന്റെ ഉറ്റ സുഹൃത്തും ആറ്റുകാൽ സ്വദേശിയുമായ ഒട്ടോ റിക്ഷ ഡ്രൈവർ അയ്യപ്പനാണ് കൂറുമാറിയത്. താൻ രാജഗോപാലിന്റെ വീട്ടിൽ എത്തിയപ്പോൾ ഇരുട്ടായിരുന്നതിനാൽ സംഭവങ്ങൾ നേരിട്ട് കാണാൻ പറ്റിയില്ലെന്ന് പറഞ്ഞ് കോടതിയിൽ മൊഴി നൽകി കൂറുമാറുകയായിരുന്നു.

19 പ്രതികളുള്ള കേസിൽ വിചാരണ ആരംഭിക്കുന്നത് 19 വർഷത്തിന് ശേഷമാണ്. കൊല്ലപ്പെട്ട അയ്യപ്പൻ ആശാരിയുടെ മറ്റൊരു സഹോദരൻ സുബ്ബയ്യൻ ആശാരിയുടെ മകൻ രാജേഷിനെ കോടതി വിസ്തരിച്ചു. പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ രാജേഷ് സംഭത്തിന് ദൃക് സാക്ഷിയായിരുന്നു. കേസിലെ നിലവിലെ 16 പ്രതികളെയും അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. രാജഗോപാൽ ആശാരിയുടെ മകളും സംഭവ സമയം 12 വയസ് കാരിയുമായിരുന്ന പ്രിയയും ആറ് പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു. അച്ഛനെ വെട്ടാൻ ശ്രമിച്ചപ്പോൾ തടഞ്ഞതിനാണ് പ്രതികൾ തന്നെ വെട്ടിയതെന്ന് കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകൻ സതീഷ് കോടതിയിൽ മൊഴി നൽകി. സതീഷും പ്രതികളെയും അവർ ഉപയോഗിച്ച ആയുധങ്ങളും തിരിച്ചറിഞ്ഞു.

2004 ലെ തിരുവോണ ദിവസമാണ് അയ്യപ്പൻ ആശാരി കൊല്ലപ്പെടുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട അത്ത പൂക്കളത്തിന് പണം നൽകാതെ പൂക്കടയിൽ നിന്ന് പൂക്കൾ എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മണക്കാട് മാർക്കറ്റിന് സമീപം പൂക്കട നടത്തുന്ന രാജേന്ദ്രന്റെ കടയിൽ നിന്ന് കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകൻ സതീഷും സുഹൃത്ത് കുതിര സനൽ എന്നു വിളിക്കുന്ന സനൽകുമാറും പണം നൽകാതെ പൂക്കൾ എടുത്തിരുന്നു.

ഇത് ചോദ്യം ചെയ്തുകെണ്ട് രാജേന്ദ്രന്റെ സുഹൃത്ത് മണക്കാട് ബലവാൻ നഗർ സ്വദേശി കടച്ചൽ അനി എന്ന അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സതീഷിന്റെ വീട് ആക്രമിക്കുകയും ആർ. എസ്. എസ് നേതാവ് രാജഗോപാൽ ആശാരി, സഹോദരപുത്രന്മാരായ സതീഷ്,രാജേഷ് എന്നിവർക്ക് പരിക്കേൽക്കുകയും രാജഗോപാൽ ആശാരിയുടെ സഹോദരൻ അയ്യപ്പനാശാരി കൊല്ലപ്പെടുകയും ചെയ്തു.കേസിലെ നിർണ്ണായക ദൃക് സാക്ഷിയും സംഭവത്തിൽ പരിക്കേറ്റയാളുമായ രാജഗോപാൽ ആശാരി രണ്ട് മാസത്തിന് മുൻപ് മരണപ്പെട്ടു. മറ്റൊരു ദൃക് സാക്ഷിയായ അദ്ദേഹത്തിന്റെ ഭാര്യ സരസ്വതിയും കഴിഞ്ഞമാസം മരണപ്പെട്ടിരുന്നു. 2004 ഓഗസ്റ്റ് 28 നായിരുന്നു സംഭവം.

കടച്ചൽ അനിക്ക് പുറമെ കളിപ്പാൻ കുളം കഞ്ഞിപ്പുര സ്വദേശികളായ സനോജ്, ഉപ്പ് സുനി എന്ന സുനിൽകുമാർ, സഹോദരൻ അനിൽകുമാർ, മനോജ്, പ്രകാശ്, ശ്രീമൂല നഗർ ശ്യാം കുമാർ, വാറുവിളാകത്ത് ഗോവർദ്ധൻ എന്ന സതീഷ് കുമാർ, രാജേഷ്, സന്തോഷ് എന്ന പ്രതീഷ്, ശ്രീമൂല നഗർ സനു എന്ന സനൽകുമാർ, കൊച്ചുമോൻ എന്ന പ്രദീപ്, തോപ്പുവിളാകം സ്വദേശികളായ സന്തോഷ്, സുരേഷ്, ബീഡി സന്തോഷ് എന്ന സന്തോഷ്, ഐരാണി മുട്ടം ചിറക്കുഴി പ്രദീപ്, കളിപ്പാൻകുളം ഉണ്ണി, മേടമുക്ക് കാർത്തിക നഗർ ഇടതൻ ബിജു എന്ന വിവേക്, ആറ്റുകാൽ എം. എസ്. കെ നഗർ ലാലു എന്ന വിനോദ് എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ. ഇതിൽ സുരേഷ്, പ്രകാശ്, സനോജ് എന്നീ പ്രതികൾ വിചാരണയ്ക്കിടെ മരണപ്പെട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, ദേവിക മധു, അഖില ലാൽ എന്നിവർ ഹാജരായി.