- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു കോടി രൂപയുടെ സെൻട്രൽ ബാങ്ക് വായ്പാ തട്ടിപ്പ്: ഒന്നാം പ്രതിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും; സീനിയർ ബ്രാഞ്ച് മാനേജരും അധാരമെഴുത്തുകാരും അടക്കം 13 പ്രതികൾ
തിരുവനന്തപുരം: സെൻട്രൽ ബാങ്ക് മാനേജരും ആധാരമെഴുത്തുകാരുമടക്കം 13 പേർ പ്രതികളായ ആറു കോടി രൂപയുടെ സെൻട്രൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ചെങ്ങന്നൂർ ബ്രാഞ്ചിലെ സീനിയർ മാനേജർ എൻ. ഗണേശന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും കോടതി പുറപ്പെടുവിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടേതാണുത്തരവ്.
വിചാരണ തീയതി ഷെഡ്യൂൾ ചെയ്യാൻ പ്രതികൾ ഹാജരാകാൻ ഉത്തരവിട്ടതിന് പിന്നാലെ ഒന്നാം പ്രതി ഒളിവിൽ പോകുകയായിരുന്നു. ഒക്ടോബർ 20 നകം അറസ്റ്റ് ചെയ്യാനും ജപ്തി വിളംബര റിപ്പോർട്ട് ഹാജരാക്കാനും സിബിഐ കോടതി ഉത്തരവിട്ടു. അതേ സമയം കേസ് വിചാരണ ചെയ്യാനായി സാക്ഷി വിസ്താര തീയതിപ്പട്ടിക ഹാജരാക്കാൻ 2017 നവംബർ 9 മുതൽ കോടതി ആവശ്യപ്പെട്ടിട്ടും സി ബി ഐ ഹാജരാക്കാത്തതിനാൽ സി ബി ഐ ക്ക് അന്ത്യശാസനം കോടതി നൽകിയിരുന്നു.
വിചാരണക്ക് മുന്നോടിയായി 2017 ഒക്ടോബർ 24 ന് പ്രതികൾക്ക് മേൽ സി ബി ഐ കോടതി കുറ്റം ചുമത്തിയിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം കുറ്റം ചുമത്തിയ ശേഷം വകുപ്പ് 230 പ്രകാരം പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താര തീയതി കോടതി തീരുമാനിക്കാൻ തുടങ്ങവേ തീയതിപ്പട്ടിക തങ്ങൾ സമർപ്പിക്കാമെന്ന് സിബിഐ പ്രോസിക്യൂട്ടർ കോടതി മുമ്പാകെ 2017 ഒക്ടോബർ 24 ന് ബോധിപ്പിച്ചു. എന്നാൽ നാളിതു വരെ പ്രോസിക്യൂഷൻ സാക്ഷി വിസ്താര തീയതിപ്പട്ടിക സി ബി ഐ ഹാജരാക്കിയിട്ടില്ല. വ്യാജ വായ്പാ രേഖകൾ അസൽ പോലെ ഉപയോഗിച്ച് 2005- 06 ൽ നടത്തിയ വൻ വായ്പാതട്ടിപ്പിൽ 2010 ൽ സിബിഐ തന്നെ കുറ്റപത്രം സമർപ്പിച്ച കേസിന്റെ വിചാരണ 8 വർഷം കഴിഞ്ഞിട്ടു പോലും വൈകിപ്പിക്കാൻ സിബിഐ തന്നെയാണ് ശ്രമിക്കുന്നത്.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ചെങ്ങന്നൂർ ബ്രാഞ്ചിലെ സീനിയർ മാനേജർ എൻ. ഗണേശൻ , തട്ടിപ്പ് ആസൂത്രണം ചെയ്ത ചങ്ങനാശ്ശേരി തോപ്പിൽ ജോസി വർഗ്ഗീസ് , തോപ്പിൽ ജോഗി വർഗ്ഗീസ് , ആലപ്പുഴ എടത്വ ലതാ ഭവനിൽ എസ്. സുധാകാരൻ , എസ് . പ്രശാന്ത് , ചങ്ങനാശ്ശേരി പഴയ മഠത്തിൽ എസ് . ബാലാജി , ചങ്ങനാശ്ശേരി നടപ്പുറത്ത് എസ്. പ്രമോദ് , ഷീബാ ജോസി , ജോസുകുട്ടി എന്ന റ്റി.സി. ജോസഫ് ( മരണപ്പെട്ടു ) , ജോഷി തോമസ് , ഇടുക്കി പീരുമേട് സ്വദേശികളും ആധാരമെഴുത്തുകാരുമായ പാടത്ത് സി. പി . ബിനു , വാരിക്കോട് വി. കെ. ഷിബു , ഇയാളുടെ ഭാര്യാ സഹോദരൻ അനൂപ് രാജ് എന്നിവരാണ് വ്യാജ വായ്പാ തട്ടിപ്പു കേസിലെ ഒന്നു മുതൽ 13 വരെയുള്ള പ്രതികൾ. ഒമ്പതാം പ്രതി ജോസുകുട്ടിയുടെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസയക്കാൻ കോടതി ഉത്തരവിട്ടു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്