- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്കല റിസോർട്ട് മയക്കുമരുന്ന് കേസ്: തുടരന്വേഷണ റിപ്പോർട്ട് ഒക്ടോബർ 28 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്
തിരുവനന്തപുരം: വർക്കല ന്യൂ ജംഗിൾ ക്ലിഫ് റിസോർട്ടിൽ 7.320 കിലോ കഞ്ചാവും 90 മി.ഗ്രാം മാരക എം ഡി എം എ യും ത്രാസും പിടിച്ചെടുത്ത മയക്കുമരുന്ന് കേസിൽ തുടരന്വേഷണ റിപ്പോർട്ട് ഒക്ടോബർ 28 ന് ഹാജരാക്കാൻ തലസ്ഥാന ജില്ലാ വിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ജി.രാജേഷിന്റെതാണുത്തരവ്.
2022 നവംബർ 19 ന് വർക്കല പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കുറ്റപത്രം സമർപ്പിച്ച ശേഷം റൂറൽ എസ്‌പിയുടെ നിർദ്ദേശപ്രകാരം താൻ തുടരന്വേഷണം നടത്തുകയാണെന്ന വിവരത്തിന് ആറ്റിങ്ങൽ ഡിവൈഎസ്‌പി 2023 മെയ് 29 ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. തുടർന്നാണ് കോടതി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 173 (8) പ്രകാരമുള്ള തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാനാവശ്യപ്പെട്ടത്.
എൻ ഡി പിഎസ് കേസുകളിൽ കുറ്റകൃത്യം കണ്ടു പിടിച്ച ഉദ്യോഗസ്ഥനും അന്വേഷണ ഉദ്യോഗസ്ഥനും ഒരേ ആൾ ആകുന്നത് ആശാസ്യകരമല്ലെന്നും കേസിന്റെ വിശ്വാസ്യത ഇല്ലാതാക്കുമെന്നുമുള്ള സുപ്രീം കോടതി വിധിന്യായത്തിന്റെ വെളിച്ചത്തിൽ പ്രതികൾ വിചാരണ കോടതികളിൽ കുറ്റവിമുക്തരാക്കൽ ഹർജി സമർപ്പിച്ച് വിചാരണ കൂടാതെ വിടുതൽ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിറ്റക്ടിങ് ഓഫീസർ തന്നെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കപ്പെട്ട കേസുകളിൽ പൊലീസ് മേലുദ്യോഗസ്ഥൻ തുടരന്വേഷണ അപേക്ഷ സമർപ്പിക്കുന്ന കീഴ്‌വഴക്കമുണ്ടായത്.
റിസോർട്ട് ഉടമ ഓടയം തൈക്കാപ്പള്ളിക്ക് സമീപം അൽ അമൻ വിട്ടിൽ സൽമാൻ (27) , മുണ്ടയിൽ സ്വദേശി വിഷ്ണു എന്ന കൊച്ചു വിഷ്ണു (25) , മണ്ണാറ സ്വദേശി മുഹമ്മദ് ആഷിഖ് (23) , കുറഞ്ഞിലക്കാട് സ്വദേശി സൽമാൻ (27) , സലീം (25) , നാച്ച എന്ന നാദിർഷ് (23) , ശ്രീനിവാസപുരം കുറമണ്ഡലം സ്വദേശി നിഷാദ് (21) , ഭൂതക്കുളം സ്വദേശി സന്ദേശ് (25) , വട്ടച്ചാൽ സ്വദേശിനി കൃഷ്ണപ്രിയ (21) , മാവിൻ മൂട് ഷൈജു (37) , ഷിനു എന്ന തമ്പി എന്നിവരാണ് നിലവിലെ പൊലീസ് കുറ്റപത്രത്തിലെ 1 മുതൽ 11 വരെയുള്ള പ്രതികൾ.
2022 ഫെബ്രുവരി 11 മുതൽ തടവറക്കുള്ളിൽ കഴിഞ്ഞ പ്രതികൾക്ക് 3 മാസത്തോളം കഴിഞ്ഞാണ് കോടതി ജാമ്യം നൽകിയത്. 2022 ഫെബ്രുവരി 11 നാണ് സംഭവം നടന്നത്. 7.32 കിലോ കഞ്ചാവും 90 മി.ഗ്രാം എം ഡി എം എയും ഇലക്ട്രോണിക് ത്രാസും പൗച്ചും മുഖ്യപ്രതികൾ സാമ്പത്തിക സഹായം ചെയ്ത് പണം മുടക്കി വാങ്ങി സൂക്ഷിച്ച് വിൽപ്പനക്കായി കൈവശം വച്ചുവെന്നാണ് കേസ്. 21 കാരിയായ യുവതി അടക്കം 10 പ്രതികളാണ് റിസോർട്ടിലെ കോട്ടേജിൽ തങ്ങി മയക്കുമരുന്ന് വിൽപ്പന നടത്തി വന്നത്. എന്നാൽ പതിനൊന്നാം പ്രതിയായി ഷിനു എന്ന തമ്പിയെ കൂടി ഉൾപ്പെടുത്തിയാണ് 2022 നവംബർ 19 ന് കുറ്റപത്രം സമർപ്പിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്