തിരുവനന്തപുരം: തിരുവല്ലം മേനിലം വീട്ടിൽ നിന്നും തിരുവല്ലം പൊലീസും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ തൊണ്ടി മുതലുകളുടെ ഫോറൻസിക് ലബോറട്ടറി അപഗ്രഥന റിപ്പോർട്ട് ഹാജരാക്കാൻ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. റിപ്പോർട്ട് ഹാജരാക്കാൻ സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടറോടാണ് കോടതി ഉത്തരവിട്ടത്.

29 ഗ്രാം എം.ഡി.എം.എ., 72 ഗ്രാം കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്ത കേസിലാണ് ജഡ്ജി ജി.ഹരീഷിന്റെ ഉത്തരവ്. 2023 ഫെബ്രുവരി 23 ന് രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ലം പൊലീസ് ഓഗസ്റ്റ് 24 ന് കുറ്റപത്രം സമർപ്പിച്ചിട്ടും ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ എത്താത്തതിനെ തുടർന്നാണ് കോടതി ഉത്തരവ്.

2023 ഫെബ്രുവരി 23 മുതൽ തടവറക്കുള്ളിൽ കഴിയുന്ന പ്രതികളുടെ ജാമ്യഹർജി ചൊവ്വാഴ്ച (26 ന് ) കോടതി പരിഗണിക്കും. തിരുവല്ലം മേനിലം മേലേ പാറക്കുന്ന് വീട്ടിൽ അനൂപ് (27), ശ്രീകണ്‌ഠേശ്വരം കൈതമുക്ക് അത്താണിയിൽ ആനയറ കടകംപള്ളി റോഡിൽ ശ്യാമളാലയം വീട്ടിൽ വിഷ്ണു (29) എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. 2023 ഫെബ്രുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസിനെയടക്കം വിരട്ടാനും വീട്ടിൽ ആരും കയറാതിരിക്കാനും മുന്തിയ ഇനം വേട്ടപ്പട്ടികളെ വീട്ടിൽ വളർത്തിയാണ് മയക്കുമരുന്ന് സൂക്ഷിച്ചത്.

തിരുവല്ലം പൊലീസ് നാർക്കോട്ടിക് വിഭാഗത്തിന്റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊച്ചുവേളി, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ നിന്ന് മയക്കുമരുന്നുമായി പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

നാർകോട്ടിക് സെൽ എ.സി.പി സുരേഷ്‌കുമാർ, തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്‌ഐമാരായ അനൂപ്, മനോജ്, മനോഹരൻ, ഇ.എസ്‌ഐ ഗിരീഷ് ചന്ദ്രൻ, സീനിയർ സി.പി.ഒ രാജീവ്, ഷിജു, രമ, നാർകോട്ടിക് ടീമിലെ എസ്. .ഐമാരായ യശോധരൻ, അരുൺകുമാർ, ഇ.എസ്‌ഐ സാബു, സീനിയർ സി.പി.ഒമാരായ സജികുമാർ, വിനോദ്, ലജൻ, വിനോദ്, രഞ്ചിത്ത്, സി.പി.ഒമാരായ ഷിബു, ദീപുരാജ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.