- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ചുമത്തി; വിചാരണ ചെയ്യാന്‍ ഉത്തരവ്; മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചുമത്താനാവില്ല
തിരുവനന്തപുരം: സിറാജ് ദിന പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ തലസ്ഥാനവിചാരണ കോടതി നരഹത്യാ കുറ്റം ചുമത്തി. പ്രതിയെ കോടതി നേരിട്ട് തയ്യാറാക്കിയ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചാണ് കുറ്റം ചുമത്തിയത്. വായിച്ചു കേട്ട കുറ്റം ചെയ്തിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് താന്‍ കുറ്റം ചെയ്തിട്ടില്ലായെന്ന ഉത്തരം പ്രതി ബോധിപ്പിച്ചു. തുടര്‍ന്ന് പ്രതിയെ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് […]

തിരുവനന്തപുരം: സിറാജ് ദിന പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ തലസ്ഥാനവിചാരണ കോടതി നരഹത്യാ കുറ്റം ചുമത്തി. പ്രതിയെ കോടതി നേരിട്ട് തയ്യാറാക്കിയ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചാണ് കുറ്റം ചുമത്തിയത്. വായിച്ചു കേട്ട കുറ്റം ചെയ്തിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് താന്‍ കുറ്റം ചെയ്തിട്ടില്ലായെന്ന ഉത്തരം പ്രതി ബോധിപ്പിച്ചു. തുടര്‍ന്ന് പ്രതിയെ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി.അനില്‍കുമാര്‍ ആണ് പ്രതിക്ക് മേല്‍ കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ ഉത്തരവിട്ടത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 279 ( അശ്രദ്ധമായും ഉദാസീനമായും മനുഷ്യജീവന് ആപത്ത് വരത്തക്കവിധം പൊതു നിരത്തില്‍ വാഹനമോടിക്കല്‍), 304 (ii) ( തന്റെ പ്രവൃത്തിയാല്‍ മറ്റൊരാള്‍ക്ക് മരണം സംഭവിക്കുമെന്ന അറിവോടെയുള്ള കുറ്റകരമായ നരഹത്യ ), 201 ( കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍, കളവായ വിവരം നല്‍കല്‍ ), മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകളായ 184 ( മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയില്‍ വാഹനമോടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേല്‍ ചുമത്തിയത്.
പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാന്‍ പ്രഥമ ദുഷ്ട്യാലുള്ള തെളിവുകള്‍ കോടതി മുമ്പാകെ ഉള്ളതായി കുറ്റം ചുമത്തല്‍ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. അതേ സമയം പ്രതിയുടെ രക്തസാമ്പിള്‍ എടുക്കല്‍ വൈകിയതിനാല്‍, രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനാവാത്തതിനാല്‍, മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചെയ്തതിന് തെളിവില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 185 പ്രതിക്ക് മേല്‍ ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി.
വിചാരണ വേഗത്തിലാക്കാന്‍ വാദി ( പ്രോസിക്യൂഷന്‍ ) ഭാഗത്തിനും പ്രതിഭാഗത്തിനും കൂടുതല്‍ തെളിവു രേഖകള്‍ ഉണ്ടെങ്കില്‍ സെപ്റ്റംബര്‍ 6 നകം ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന വായ് മൊഴിയാലും രേഖാമൂലവുമുള്ള വസ്തുതാ തെളിവുകള്‍ കേസ് റെക്കോഡില്‍ കാണുന്നു. പ്രതി വിചാരണ നേരിടണം.
കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി കുറ്റം ചുമത്തല്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാന്‍ അടിസ്ഥാനമില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തിയത്.
2023 ആഗസ്റ്റ് 25 നാണ് ശ്രീറാം വിചാരണ നേരിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം സുപ്രീംകോടതി തള്ളി. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമനായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരായി ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല.
നരഹത്യക്കുറ്റം ചുമത്താനുള്ള തെളിവില്ല എന്നതായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ പ്രധാന വാദം. കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നും, സാധാരണ മോട്ടോര്‍ വാഹന വകുപ്പ് നിയമ പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമുള്ള വാദമാണ് ശ്രീറാം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉന്നയിച്ചത്.
ജസ്റ്റിസ് സിടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സാഹചര്യത്തെളിവുകള്‍, സാക്ഷി മൊഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ നരഹത്യക്കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. തെളിവുകള്‍ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വിചാരണ ഘട്ടത്തിലാണ്. ഇത് വിചാരണ നടക്കേണ്ട കേസാണെന്നും കോടതി നിരീക്ഷിച്ചു. വേഗത്തില്‍ വാഹനമോടിച്ചു എന്നുള്ളതുകൊണ്ട് അത് നരഹത്യ കേസാവില്ലെന്ന് ശ്രീറാം വാദിച്ചെങ്കിലും കോടതി അതും തള്ളി.
കുറ്റപത്രം വായിക്കുന്നതിനു മുന്‍പുള്ള പ്രാഥമിക വാദം അഡീ. ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ തവണ കേട്ടു. കഴിഞ്ഞ തവണ ശ്രീറാം കോടതിയില്‍ ഹാജരാകാത്തതിനു കോടതി വാക്കാല്‍ താക്കീതു നല്‍കിയിരുന്നു. അപകടം സംഭവിച്ചിട്ട് അഞ്ചു വര്‍ഷം പിന്നിട്ടു. മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതി വരെ കേസ് പരിഗണിച്ചെങ്കിലും വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നില്ല. ഇതിനിടയില്‍ കേസില്‍ 2 പ്രതികള്‍ എന്നത് ഒന്നായി. രണ്ടാം പ്രതി വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍നിന്നും ഒഴിവാക്കി.
2019 ആഗസ്റ്റ് മൂന്നിന് അര്‍ദ്ധരാത്രി ഒരു മണിയ്ക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച കേസില്‍ ശ്രീരാം വെങ്കിട്ടരാമനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് കൈക്കൊണ്ടത്. പ്രതിഷേധം ശക്തമായതോടെയാണ് കേസില്‍ ശ്രീരാമിനെതിരെ പൊലീസ് നടപടിയെടുത്തത്.


