തിരുവനന്തപുരം: പോത്തൻകോട് ഗുണ്ടാ കുടിപ്പകയിൽ യുവാവിനെ പട്ടാപ്പകൽ ഒളിസങ്കേതത്തിലെത്തി വെട്ടിക്കൊലപ്പെടുത്തി കാൽ അര കി.മി.ദൂരെ കൊണ്ടുപോയി വലിച്ചെറിഞ്ഞ പോത്തൻകോട് സുധീഷ് കൊലക്കേസ് സൂത്രധാരൻ ഒട്ടകം രാജേഷിന് തലസ്ഥാനവിചാരണ കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട്. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്.

2014 ലെ പോത്തൻകോട് വധശ്രമക്കേസിലാണ് വാറണ്ട്. രാജേഷിനെ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോടാണ് ജഡ്ജി ജി.രാജേഷ് ഉത്തരവിട്ടത്. നിലവിൽ രാജേഷ് പോത്തൻകോട് സുധീഷ് വധക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട് വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണ്. കൂടാതെ മംഗലപുരം ലാലു വധക്കേസിൽ 2014 ൽ നൽകിയ ജാമ്യം അടുത്തിടെ കോടതി റദ്ദാക്കി. 2014ലെ ജാമ്യവ്യവസ്ഥ ലംഘിച്ച് സമാന കുറ്റകൃത്യങ്ങൾ ആവർത്തിച്ചതിനാണ് ജാമ്യം റദ്ദാക്കി വീണ്ടും കൽതുറുങ്കിലടച്ചത്.

ദിനീഷ്, ഒട്ടകം രാജേഷ്, റൗഫ്, അൻസൽ എന്നും വേട്ടക്കാരൻ കുഞ്ഞുമോൻ എന്നും അറിയപ്പെടുന്ന ഷാഹുൽ ഹമീദ്, നഗരൂർ അനി എന്നും രാജു എന്നും അറിയപ്പെടുന്ന രാജേഷ് എന്നിവരാണ് കേസിലെ 1 മുതൽ 5 വരെയുള്ള പ്രതികൾ. പോത്തൻകോട് സ്‌റ്റേഷൻ പരിധിയിൽ 2014 ൽ പോത്തൻകോട് ഷാജിസ് മൊബൈൽ ഷോപ്പ് ഉടമയുടെ അനുജന്റെ കൈവെട്ടിയ കേസിൽ പ്രതിയാണ്.

2021 ൽ ഏഴുവർഷം പിന്നിട്ടിട്ടും ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസിന് കഴിഞ്ഞില്ല. 2021 ൽ നാടു നടുങ്ങി കോളിളക്കം സൃഷ്ടിച്ച് പട്ടാപ്പകൽ പോത്തൻകോട് സുധീഷ് കൊലക്കേസ് പുറം ലോകമറിഞ്ഞപ്പോഴാണ് കേസ് ഫയലുകൾക്ക് മേൽ ഉറങ്ങുകയായിരുന്ന പൊലീസിന് അനക്കം വച്ചത്.ആക്രമണത്തിനിരയായ പോത്തൻകോട് അയണിമൂട് സ്വദേശി ബിജു (32) മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. പോത്തൻകോട് പരിധിയിൽ വധശ്രമം, ആയുധം കൈവശംവെക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2021 വരെയുള്ള 32 വയസ്സിനിടെ ഒട്ടകം രാജേഷ് കൊലപാതകമുൾപ്പെടെ 28 കേസിൽ പ്രതിയാണെങ്കിലും തെളിവുകളുടെ അഭാവത്തിൽ ഒന്നിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.