തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള ആയുഷ് വകുപ്പിൽ മലപ്പുറത്ത് ഹോമിയോ മെഡിക്കൽ ഓഫിസർ (ഡോക്ടർ) നിയമനത്തിന് 1.75 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ 9 ന് സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. അന്നേ ദിവസം സർക്കാർ നിലപാടറിയിക്കാനും പൊലീസ് റിപ്പോർട്ട് ഹാജരാക്കാനും ജഡ്ജി പ്രസുൻ മോഹന്റെ ബെഞ്ച് ഉത്തരവിട്ടു. മൂന്നാം പ്രതി കോഴിക്കോട് സ്വദേശി ലെനിൻ രാജ്. എ.കെ. സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷയിലാണ് കോടതി ഉത്തരവ്.

താൻ നിരപരാധിയാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റങ്ങളും ചെയ്തിട്ടില്ലായെന്നും ജില്ലാ കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിൽ പറയുന്നു. ഗൂഢാലോചന, വിശ്വാസ വഞ്ചന ചെയ്ത് ചതിച്ച് 1.75 ലക്ഷം രൂപ വഞ്ചനയിലൂടെ സ്വരൂപിച്ചെടുത്തു , വ്യാജ ഇ-മെയിൽ വിലാസം ഉണ്ടാക്കി എന്നീ കുറ്റങ്ങൾ ആരോപിച്ച് സിറ്റി കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുകയാണ്.

അറസ്റ്റ് ചെയ്ത് തന്നെ കസ്റ്റഡിയിൽ വെച്ച് പൊലീസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുവാൻ സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ താൻ തയ്യാറാണ്. ആകയാൽ തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ തന്നെ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം കൊടുക്കണമെന്നാണ് മുൻകൂർ ജാമ്യഹർജിയിലെ ആവശ്യം.

കേസിൽ കോഴിക്കോട് എകരൂൽ സ്വദേശിയായ എം.കെ. റഹീസിനെ ഒക്ടോബർ 3 ന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ അഖിൽ സജീവിനെയും കോഴിക്കോട് സ്വദേശി ലെനിൻരാജിനെയും പ്രതി ചേർത്തുള്ള അഡീ. റിപ്പോർട്ട് കന്റോൺമെന്റ് പൊലീസ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകി. ഇതിന്റെ തുടർച്ചയായാണ് റഹീസിനെയും മലപ്പുറം സ്വദേശി ബാസിതിനെയും തിരുവനന്തപുരത്തെത്തിച്ച് ചോദ്യംചെയ്തത്.

സിറ്റി പൊലീസ് മേധാവി സി.എച്ച്. നാഗരാജുവിന്റെയും കന്റോൺമെന്റ് അസി. കമീഷണർ സ്റ്റ്യുവർട്ട് കീലറിന്റെയും നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യലിൽ അഖിൽ സജീവും റഹീസും ചേർന്ന് വ്യാജ രേഖയുണ്ടാക്കിയതിന്റെയും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെയും തെളിവുകൾ ലഭിച്ചു. ചോദ്യംചെയ്യലിലുടനീളം കുറ്റം നിഷേധിക്കുന്ന സമീപനമാണ് റഹീസ് സ്വീകരിച്ചത്. ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ചു.

റഹീസിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ആയുഷ് മിഷന്റെ വ്യാജ ഇ-മെയിൽ വിലാസമുണ്ടാക്കിയത്. ഫോൺ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിൽ ഇ-മെയിൽ നിർമ്മിച്ച ശേഷം അഖിൽ സജീവിന് അയച്ചുനൽകിയതിന്റെ സ്‌ക്രീൻ ഷോട്ടടക്കം കണ്ടെടുത്തു. ഗൂഢാലോചനയിലും റഹീസിന് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. നിരവധി പണമിടപാടുകളും ഇവർ തമ്മിലുണ്ട്. നൂറിലധികം തവണ ഗൂഗിൾ പേ വഴി പണം കൈമാറിയെന്നും പൊലീസ് പറയുന്നു. വിളിച്ചാൽ വീണ്ടും ഹാജരാകണമെന്ന നോട്ടീസോടെ കെ.പി. ബാസിതിനെ ഒക്ടോബർ 3 ന് വിട്ടയച്ചു.

ആരോഗ്യമന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതിയിലാണ് നടപടി. ഹരിദാസനിൽനിന്ന് ലെനിൻ 50,000വും അഖിൽ സജീവ് 25,000വും രൂപ തട്ടിയെടുത്തിരുന്നു. സെക്രട്ടേറിയറ്റിന് സമീപത്തുവെച്ച് ആരോഗ്യമന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫ് അഖിൽ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ ആരോപണത്തോടെയാണ് നിയമനതട്ടിപ്പ് സംഘത്തെക്കുറിച്ച വിവരം പുറത്തുവന്നത്.