തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വീട്ടിൽ കയറിയ കള്ളനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. മന്ത്രിയുടെ പൂന്തുറയിലെ കുടുംബ വീട്ടിൽ മോഷണം നടത്തിയ പ്രതി അഞ്ചുതെങ്ങ് സ്വദേശി ലോറൻസിനാണ് അറസ്റ്റ് വാറണ്ട്.

പ്രതിയെ ഒക്ടോബർ 13 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ പൂന്തുറ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് കോടതി ഉത്തരവിട്ടു. 5 പവൻ സ്വർണ്ണമാല മോഷ്ടിച്ചിറങ്ങിയ പ്രതിയെ നാട്ടുകാർ പിടികൂടുകയായിരുന്നു. 2021 നവംബർ 15 നാണ് സംഭവം നടന്നത്.

മോഷണം നടത്തി വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിക്കവേ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അർധരാത്രിയോടെയാണ് കള്ളൻ കയറിയത്. മന്ത്രിയുടെ കുടുംബ വീടാണ് പൂന്തുറയിലുള്ളത്. മോഷ്ടിക്കാനെത്തിയ ലോറൻസ് വീട്ടിനുള്ളിൽ കടന്ന് അഞ്ച് പവന്റെ സ്വർണ്ണമാല കൈക്കലാക്കി.

വീട്ടുകാർ പുറത്തുപോയിരിക്കുന്ന സമയത്തായിരുന്നു വീട്ടിൽ മോഷണം നടന്നത്. ലോറൻസ് വീടിന്റെ പിൻവാതിൽ വഴിയാണ് അകത്തു കടന്നു മുറിയിൽ എത്തുന്നത്. പുറത്തുപോയ വീട്ടുകാർ പിൻവാതിൽ കൃത്യമായി പൂട്ടിയിരുന്നില്ല. ഇത് പ്രതിക്ക് അകത്ത് കടക്കുന്നതിനു സഹായകമായി. മോഷണം നടത്താനെത്തിയ ലോറൻസ് വീട്ടിൽ തിരച്ചിൽ നടത്തുന്നതിനിടെ കുടുംബം തിരിച്ചെത്തി.

കയ്യിൽ കിട്ടിയ സ്വർണമാലയുമായി പ്രതി പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ പിടിക്കാനായി നാട്ടുകാരും ഓടി. ഇതിനു പിന്നാലെ വീട്ടുകാരും ഓടി. ഒടുവിൽ നാട്ടുകാരും വീട്ടുകാരും ചേർന്ന് കള്ളനെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു..