തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ആറ്റുകാൽ ബണ്ടു റോഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് മേൽ വിചാരണ കോടതി കുറ്റം ചുമത്തി. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് മേൽ കുറ്റം ചുമത്തിയത്. കുപ്രസിദ്ധ ഗുണ്ട ആറ്റുകാൽ പാടശേരി കിഴങ്ങുവിള വീട്ടിൽ ചാത്തൻ സജീവ് എന്നു വിളിക്കുന്ന സജീവ് (38), നെടുങ്കാട് കീഴെ മങ്ങാട്ടുകോണം ജയശ്രീഭവനിൽ ടൈൽ കണ്ണൻ എന്നു വിളിക്കുന്ന ജയശങ്കർ (38) എന്നിവർക്ക് മേലാണ് കുറ്റം ചുമത്തിയത്.

അതേ സമയം കേസിൽ 2021 മുതൽ ജയിലിൽ കഴിയുന്ന ഒന്നാം പ്രതി സജീവിന് ജഡ്ജി ജി. രാജേഷ് ജാമ്യം നിരസിച്ചു. സജീവിനെ കൽതുറുങ്കിലിട്ട് കസ്റ്റോഡിയൽ വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടു. 2021 സെപ്റ്റംബർ 9 ബുധനാഴ്ച രാത്രി 8.30 ന് നെടുങ്കാട് ചിറപ്പാലം സ്വദേശി സതീഷിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

കൊല്ലപ്പെട്ട സതീഷിന്റെ സുഹൃത്തിനെ പ്രതികൾ നേരത്തെ മർദ്ദിച്ചിരുന്നു. ഇതിനെ സംബന്ധിച്ച് ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി ഇരുമ്പുപാലത്തിന് സമീപം കൂട്ടുകാരുമായി സംസാരിച്ചിരുന്ന സതീഷിനെ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ സജീവും ജയശങ്കറും ആക്രമിക്കുകയായിരുന്നു. ഇടത് നെഞ്ചിൽ ആഴത്തിൽ പരുക്കേറ്റ സതീഷിനെ ഒപ്പമുണ്ടായിരുന്നവർ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊലപാതകത്തെ തുടർന്ന് രാത്രിയിൽ നഗരത്തിൽ മുഴുവൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ആക്രമണത്തിനിടയിൽ നിസ്സാര പരുക്കേറ്റ സജീവിനെ ജനറൽ ആശുപത്രിയിൽ നിന്ന് പ്രഥമ ശുശ്രൂഷ നേടിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവെ പിടികൂടി. തുടർന്ന് ആശുപത്രി പരിസരത്ത് നടത്തിയ തിരച്ചിൽ ജയശങ്കറിനെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തെ തുടർന്ന് സയന്റിഫിക്, വിരലടയാള വിദഗ്ദ്ധർ സംഭവസ്ഥലത്തു നിന്നും തെളിവുകൾ ശേഖരിച്ചിരുന്നു.

ഒന്നാം പ്രതിയായ ചാത്തൻ സജീവ് കൊഞ്ചിറവിള സ്വദേശി വിഷ്ണുവിന്റെ കൊലപാതക കേസിലുൾപ്പെടെ ഒട്ടേറെ പിടിച്ചു പറി, വധശ്രമക്കേസുകളിലെ പ്രതിയും ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കൽ കിടന്ന ആളുമാണ്. വീടുകയറി ആക്രമിച്ച കേസിലെ പ്രതിയാണ് ജയശങ്കർ.