- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയ്ക്ക് അടിയേറ്റ് കോൺഗ്രസ് പ്രവർത്തകന്റെ മരണം; ബന്ധുക്കളായ ഡേവിഡ് രാജും രണ്ട് പാസ്റ്റർമാരുമടക്കം മൂന്നു പ്രതികൾക്ക് ജാമ്യമില്ല
നെയ്യാറ്റിൻകര: വസ്തു തർക്കവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഇരുമ്പ് കമ്പി കൊണ്ടു തലയ്ക്കടിയേറ്റു കോൺഗ്രസ് പ്രവർത്തകൻ മരിച്ച സംഭവത്തിൽ ജയിലിൽ കഴിയുന്ന ബന്ധുക്കളായ രണ്ട് പാസ്റ്റർമാരടക്കം മൂന്നു പ്രതികൾക്ക് ജാമ്യമില്ല. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളുടെ ജാമ്യഹർജി തള്ളിയത്.
ജയിലിൽ കഴിയുന്ന മൂവർ സഹോദരങ്ങളായ ഡേവിഡ് രാജ്, സാം രാജ്, സമ്പത്ത് രാജ് എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്. കൃത്യത്തിൽ പ്രതികളുടെ ഉൾപ്പെടൽ പ്രഥമ ദൃഷ്ട്യാ കേസ് റെക്കോർഡുകളിൽ കാണുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതികളെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി.ബാലകൃഷ്ണൻ പ്രതികൾക്ക് ജാമ്യം നിരസിച്ചത്. പ്രതികളായ നെല്ലിമൂടിനു സമീപം ചരുവിള കനാൻ മെലഡിയിൽ സഹോദരങ്ങളായ ഡേവിഡ് രാജ് (45) , സാം രാജ് (47), സമ്പത്ത് രാജ് (37) എന്നിവർക്കാണ് ജാമ്യം നിരസിച്ചത്. സമ്പത്ത് രാജും സാം രാജും ഗോൽഗുൽത്ത മിഷൻ പെന്തക്കോസ്ത് സഭയിലെ പാസ്റ്റർമാരാണ്.
കാട്ടാക്കട തൂങ്ങാംപാറ മാവുവിള സീയോൻ മന്ദിരത്തിൽ സാം ജെ.വത്സലൻ (സൂസൻ 44) ആണ് കൊല്ലപ്പെട്ടത്. ഡേവിഡിന്റെ ഭാര്യ ലീനയുടെ ബന്ധുവാണ് സാം.2023 ഓഗസ്റ്റ് 12 ശനിയാഴ്ച രാത്രി പതിനൊന്നരയോടെ നെല്ലിമൂടിനു സമീപം ഡേവിഡ് രാജിന്റെ വസതിയായ ചരുവിള കനാൻ മെലഡിയിൽ വച്ചാണ് സാമിന് അടിയേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. ഡേവിഡ് രാജ്, ശ്യാം രാജ് എന്നിവരെ ഓഗസ്റ്റ് 13 ന് കാഞ്ഞിരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.14 നാണ് സമ്പത്ത് രാജിനെ പിടികൂടിയത്.
ഡേവിഡിന്റെ ഭാര്യ ലീനയുടെ ബന്ധുവായ സാം ജെ.വത്സലനു ബാലരാമപുരം തേമ്പാമുട്ടത്തു ലീനയുടെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്കു നൽകിയിരുന്നു. തന്നെ മാറ്റി വീട് മറ്റൊരാൾക്കു വാടകയ്ക്കു നൽകിയതു മൂലം സാമിനു വൈരാഗ്യമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഒൻപതരയോടെ ഡേവിഡിന്റെ വീട്ടിൽ എത്തി സാം വീടിന്റെ ജനാലച്ചില്ലുകളും മറ്റും അടിച്ചു തകർത്തു മടങ്ങി. രാത്രി പതിനൊന്നരയോടെ വീണ്ടും സാം എത്തിയതോടെ സംഘർഷമുണ്ടാവുകയും തലയ്ക്ക് അടിയേൽക്കുകയുമായിരുന്നുവെന്നാണ് പൊലീസ് കേസ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മാറനല്ലൂർ ഗ്രാമ പഞ്ചായത്തിലെ കൊറ്റംപള്ളി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു സാം പരാജയപ്പെട്ടിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്