തിരുവനന്തപുരം: തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം ഉപയോഗിച്ച് ഓൺലൈൻ പെൺവാണിഭം നടത്തിയ കേസിൽ പിടിയിലായ 15 പ്രതികളിൽ 2 പ്രതികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ നമ്പർ നൽകി പരസ്യം ചെയ്ത സംഘത്തെ സൈബർ പൊലീസ് പിടികൂടിയ കേസിലാണ് കോടതി ഉത്തരവ്. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.

ജാമ്യത്തിലിറങ്ങി മുങ്ങിയ പതിനാലാം പ്രതി അലിഫ്, പതിനഞ്ചാം പ്രതി പീറ്റർ ഷാനോ എന്നിവരെ അറസ്റ്റ് ചെയ്യാനും ഇവരുടെ ജാമ്യക്കാർക്ക് നോട്ടീസയക്കാനും എസിജെഎം എൽസാ കാതറിൻ ജോർജ് ഉത്തരവിട്ടു. വരുന്ന 26 നകം പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ സിറ്റി സൈബർ പൊലീസ് ഡി വൈ എസ് പി യോട് കോടതി ഉത്തരവിട്ടു. ഇന്റർനെറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് സെക്സ് റാക്കറ്റ് സംഘം ഇരകളെ ആകർഷിച്ചത്. സംഘാംഗങ്ങളായ നാല് സ്ത്രീകളടക്കം 15 പേരെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഗീത എന്ന പ്രസന്ന (51), പിങ്കി എന്ന നയന (28), പ്രദീപ് (38), അജിത്ത് (53), തിലകൻ (38), അനീഷ്. എസ് എന്ന സാജു. എസ് (33), ജെയ്സൺ (31) , വിപിൻ.സി (31) , ശ്രീജിത്ത് (26), നിയാസ് (30), ഷമീർ (30), സജീന. ജെ (33), ബിന്ദു. എസ് (44). അലിഫ് , പീറ്റർ ഷാനോ എന്നിവരാണ് ഓൺലൈൻ പെൺവാണിഭക്കേസിലെ 1 മുതൽ 15 വരെയുള്ള പ്രതികൾ. 2016 മെയ് 26 വ്യാഴാഴ്ചയാണ് സംഭവം പിടികൂടിയത്. ( www.locanto.in )ലൊക്കാന്റോ എന്ന വെബ്സൈറ്റ് വഴിയാണ് പ്രധാനമായും ഇടപാടുകൾ നടത്തിയത്. ഇവരുടെ റാക്കറ്റിൽ നിന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെയും സംഘം ഉപയോഗിച്ചിരുന്നു.

പ്രതികളെ പിടികൂടിയത് ഇപ്രകാരമാണ്:

വെബ്സൈറ്റിൽ പ്രതികൾ നൽകിയ മൊബൈൽ നമ്പറിലേക്ക് ക്ലയിന്റ് എന്ന വ്യാജേന പൊലീസ് വിളിച്ചു. പ്രതികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികളുണ്ടെന്ന വിവരമറിയിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളുണ്ടെന്നും ഇടപാടുകാർക്ക് വിലപേശൽ തുക ലഭ്യമാക്കുകയും ചെയ്തു. കുട്ടികളെ അവർ വെളിപ്പെടുത്തിയ സ്ഥലത്ത് നിന്ന് തിരഞ്ഞെടുക്കാം. വളരെ ചെറിയ തലങ്ങൾ ഒരു ലക്ഷം രൂപയ്ക്ക് ആണ്. രൂപവും പ്രായവും അനുസരിച്ചാണ് നിരക്ക് നിശ്ചയിക്കുന്നതെന്നും പ്രതികൾ അറിയിച്ചു. അവർ സൂചിപ്പിച്ച സ്ഥലത്ത് എത്താൻ പൊലീസ് സമ്മതിച്ചു.

ഇടപാടുകാരെന്ന വ്യാജേന എത്തിയ പൊലീസിനോട് പെൺകുട്ടികളെ ഏജന്റുമാർ മുഖേന തിരുവനന്തപുരത്തെ അപ്പാർട്ട്മെന്റിൽ എത്തിക്കുമെന്ന് പറഞ്ഞു. പെൺകുട്ടികളെ തിരഞ്ഞെടുക്കാൻ അവസരമുണ്ടെന്ന് 'ഉപഭോക്താക്കളെ' അറിയിക്കുകയും ചെയ്തു. തുടർന്നാണ് പൊലീസ് ആസൂത്രിത നീക്കത്തിലൂടെ പ്രതികളെ കുടുക്കിയത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 370 (1) ഭീഷണികൾ പ്രയോഗിച്ചു കൊണ്ട് ആൾവാണിഭം നടത്തൽ) , 370 (2) (ബലം പ്രയോഗിച്ചു കൊണ്ടോ മറ്റ് സമ്മർദ്ദ രീതി പ്രയോഗിച്ചു കൊണ്ടോ ഉള്ള ആൾ വാണിഭം), (3) ( തട്ടിക്കൊണ്ടു പോയുള്ള ആൾ വാണിഭം) , 34 (കൂട്ടായ്മ) , വിവര സാങ്കേതിക വിദ്യാ നിയമത്തിലെ 67 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.