- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിധി ദിവസം കാത്ത് കാസർകോട്; മദ്രസാധ്യാപകൻ മുഹമ്മദ് റിയാസ് മൗലവി കൊലക്കേസിൽ കോടതി നടപടികൾ പൂർത്തിയായി
കാസർകോട്: പഴയചൂരിയിലെ മദ്രസാധ്യാപകൻ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ നടന്നുവരികയായിരുന്ന എല്ലാ നടപടികളും പൂർത്തിയായി. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ പൂർത്തിയായ ശേഷം അന്തിമവാദവും പിന്നീട് സാക്ഷിമൊഴികൾ സംബന്ധിച്ച പ്രോസിക്യൂഷന്റെ വിലയിരുത്തലുകളും പ്രതിഭാഗം അഭിഭാഷകരുടെ വിശകലനങ്ങളും എല്ലാം പൂർത്തിയായി. ഇനി കേസിൽ വിധി പറയുന്ന തീയതി പ്രഖ്യാപിക്കുക എന്ന നടപടിക്രമം മാത്രമാണ് ബാക്കിയുള്ളത്. കേസ് ഒക്ടോബർ 16ലേക്ക് കോടതി മാറ്റിവെച്ചു.
മറ്റ് തടസങ്ങളൊന്നുമില്ലെങ്കിൽ കേസിന്റെ വിധി പറയുന്ന തീയതി അന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 2017 മാർച്ച് 21ന് രാത്രിയാണ് റിയാസ് മൗലവിയെ പള്ളിയോട് ചേർന്നുള്ള മുറിയിൽ കയറിയ സംഘം കഴുത്തറുത്തുകൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി കേളുഗുഡ്ഡെ അയ്യപ്പനഗർ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു, രണ്ടാം പ്രതി കേളുഗുഡ്ഡെയിലെ നിതിൻ, മൂന്നാം പ്രതി കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖിൽ എന്നിവരാണ് വിചാരണ നേരിട്ടത്.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ഡിഎൻഎ പരിശോധനാ ഫലം അടക്കമുള്ള 50 ലധികം രേഖകളും സമർപ്പിച്ചിരുന്നു. ദൃക്സാക്ഷികളടക്കം 100 ലധികം സാക്ഷികളാണ് ഈ കേസിലുള്ളത്. ഐപിസി 302 (കൊലപാതകം), 153 എ (മതസൗഹാർദം തകർക്കാൻ വർഗീയ കലാപമുണ്ടാക്കൽ), 295 (കുറ്റകൃത്യം ചെയ്യാനുദ്ദേശിച്ച് മതസ്ഥാപനങ്ങളിലേക്ക് അതിക്രമിച്ചുകടക്കൽ), 34 (അക്രമിക്കാൻ സംഘടിക്കൽ), 201 (തെറ്റിദ്ധരിപ്പിച്ച് കുറ്റം മറച്ചുവയ്ക്കൽ) എന്നീ വകുപ്പുകളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായതുമുതൽ ജാമ്യം പോലും ലഭിക്കാതെ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെയാണുള്ളത്. റിയാസ് മൗലവി വധക്കേസിന്റെ വിചാരണ നേരത്തെ പൂർത്തിയായിരുന്നെങ്കിലും രണ്ടുവർഷക്കാലം കോവിഡ് മഹാമാരി മൂലം പല ഘട്ടങ്ങളിലായി കോടതി അടച്ചിടേണ്ടിവന്നതും കേസ് കൈകാര്യം ചെയ്തിരുന്ന ജഡ്ജിമാർക്ക് സ്ഥലം മാറ്റം ലഭിച്ചതും ഇതിനിടെ പ്രോസിക്യൂട്ടർ മരണപ്പെട്ടതുമെല്ലാം തുടർനടപടികൾ തടസപ്പെടാൻ കാരണമായിരുന്നു. വിചാരണ തന്നെ പലപ്പോഴായി നീണ്ടുപോയിരുന്നു. സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതോടെയാണ് അന്തിമവാദത്തിന് ശേഷമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. ഏറ്റവുമൊടുവിൽ ചുമതലയേറ്റ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ ബാലകൃഷ്ണന്റെ മേൽനോട്ടത്തിലാണ് കേസിന്റെ അന്തിമനടപടികൾ പൂർത്തീകരിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്