- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കച്ചവടത്തിന്റെ മറവിൽ ഹാഷിഷ് ഓയിൽ കടത്ത്; മൂന്നാം പ്രതി അജ്മലിന് ജാമ്യമില്ല
തിരുവനന്തപുരം: കോഴി കച്ചവടത്തിന്റെ മറവിൽ മൂന്നു ലക്ഷം രൂപ വിപണി വിലയുള്ള 760 ഗ്രാം ഹാഷിഷ് ഓയിൽ തമിഴ്‌നാട്ടിൽ നിന്നും തലസ്ഥാനത്തേക്ക് കടത്തിയ കേസിൽ ജയിലിൽ കഴിയുന്ന മൂന്നാം പ്രതി നേമം സ്വദേശി അജ്മലിന് ജാമ്യമില്ല. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്.
2023 ജൂലൈ 23 ന് ഹാഷിഷ് ഓയിലുമായി നാലുപേരെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്ത കേസിലാണ് കോടതി ഉത്തരവ്. കൃത്യത്തിൽ പ്രതിയുടെ ഉൾപ്പെടൽ പ്രഥമ ദൃഷ്ട്യാ കേസ് റെക്കോഡിൽ കാണുന്നതായി വിലയിരുത്തിയാണ് ജഡ്ജി കെ.പി.അനിൽകുമാർ ജാമ്യം നിരസിച്ചത്. പ്രതിക്കെതിരായി ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ ഗുരുതരവും ഗൗരവമേറിയതുമാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ പ്രതിയെ സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രോസിക്യൂഷൻ ഭയന്ന് ഒളിവിൽ പോകാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോൾ പ്രതിയെ ജാമ്യത്തിൽ വിട്ടയക്കാനാവില്ലെന്നും ജാമ്യഹർജി തള്ളിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
വെള്ളായണി സ്വദേശി അർഷാദ് (29), നേമം സ്വദേശികളായ ബാദുഷ (27), അജ്മൽ (27), ഇർഫാൻ (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കോഴി കച്ചവടത്തിന്റെ മറവിലായിരുന്നു ലഹരി കച്ചവടം നടത്തിവന്നത്. ലഹരിയെത്തിച്ചത് തമിഴ്‌നാട്ടിൽ നിന്നെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ശനിയാഴ്ച രാത്രിയിൽ ശ്രീകാര്യം പൊലീസ് നടത്തിയ പരിശോധനയിലാണ് 760 ഗ്രാം ഹാഷിഷ് പിടികൂടിയത്. കോഴികച്ചവടത്തിന്റെ മറവിൽ ലഹരി കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ സഞ്ചരിച്ച ഓട്ടോ പൊലീസ് തടഞ്ഞു. ഹോട്ടലുകളിൽ കോഴി ഇറച്ചി വിതരണം ചെയ്യാൻ പോകുന്നുവെന്നായിരുന്നു മറുപടി. എന്നാൽ വിശദമായി പരിശോധിച്ചതോടെ ലഹരി വസ്തു കണ്ടെത്തി. നേമം സ്വദേശികളായ അർഷാദ്, ബാദുഷ, അജ്മൽ, ഇർഫാൻ എന്നിവരെ അറസ്റ്റും ചെയ്തു.
തമിഴ്‌നാട്ടിൽ നിന്നാണ് ഇവർ ലഹരി വസ്തുവെത്തിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്. തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ ചില്ലറ വിൽപന നടത്തുന്നത് പതിവാക്കിയിരുന്നു. ഇറച്ചിക്കോഴികളുടെ വിൽപ്പനക്കെന്ന പേരിൽ ഓട്ടോയിൽ കറങ്ങി നടന്നായിരുന്നു ലഹരി വിൽപ്പന.
ഒന്നാം പ്രതിയായ അർഷാദ് നേമം, ഫോർട്ട്, കരമന പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയായി ഉൾപ്പെട്ടിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ടിന്റെ (കാപ) വകുപ്പുകൾ പ്രകാരം തടവിലാക്കിയ ശേഷം അടുത്തിടെ ജയിൽ ശിക്ഷ അനുഭവിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്