തിരുവനന്തപുരം: വി എസ് എസ് സി ( വിക്രം സാരാഭായ് സ്‌പേസ് സെന്റർ) യിലേക്കുള്ള ടെക്‌നിക്കൽ ഉദ്യോഗ റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ നടന്ന ഹൈടെക്ക് ആൾമാറാട്ട കോപ്പിയടി കേസിൽ ജയിലിൽ കഴിയുന്ന നാലാം പ്രതി ലഖ്വീന്ദർ സിംഗിന് ജില്ലാ കോടതിയും ജാമ്യം നിരസിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നിരസിച്ചത്. മജിസ്‌ട്രേട്ട് കോടതി ജാമ്യഹർജി തള്ളിയ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നും മജിസ്‌ട്രേട്ട് കോടതി ജാമ്യം നിരസിച്ചപ്പോൾ വിലയിരുത്തിയ സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്നും കണ്ടെത്തിയാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.വി.ബാലകൃഷ്ണൻ ജാമ്യാപേക്ഷ തള്ളിയത്.

ബ്ലൂടുത്ത് ഹെഡ്‌സെറ്റും ഗൂഗിൾ ലെൻസ് മൊബൈൽ ക്യാമറയും ക്ലൗഡ് സ്റ്റോറേജും ബെൽറ്റും ഉപയോഗിച്ച് ഹൈടെക്ക് കോപ്പിയടിച്ചതിനു ഓരോ ഉദ്യോഗാർത്ഥിയിൽ നിന്നും പ്രതികൾക്ക് പ്രതിഫലമായി 7 ലക്ഷം രൂപ ലഭിച്ചുവെന്നാണ് പൊലീസ് കേസ്. അഞ്ചു പ്രതികൾക്കും തിരുവനന്തപുരം അഡീ.സി ജെ എം ജാമ്യം നിരസിച്ചിരുന്നു. മുഖ്യ സൂത്രധാരൻ ഹരിയാനയിലെ ജിണ്ട് ജില്ലയിലെ ഗ്രാമത്തലവന്റെ സഹോദരൻ ദീപക് ഷോഗന്റടക്കം 5 പ്രതികൾക്ക് ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എൽസാ കാതറിൻ ജോർജാണ് പ്രതികൾക്ക് ജാമ്യം നിരസിച്ചത്.

ഹരിയാന ഹിസൂർ ജില്ലക്കാരനായ മനോജ് കുമാർ (32), ഹരിയാന ജിണ്ട് ജില്ലക്കാരായ ജഗദീപ് സിങ് (29 പരീക്ഷാ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ദീപക് ഷോഗന്റ് (30) , ഫൂൽ സിങ് മകൻ സോനു സിങ് (30), ലാഖ്വീന്ദർ (25) എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ ഗുരുതരവും ഗൗരവമേറിയതുമാണ്. കൃത്യത്തിൽ പ്രതികളുടെ ഉൾപ്പെടൽ കേസ് റെക്കോർഡിൽ കാണപ്പെടുന്നുണ്ട്. പ്രതികളെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ട്. പ്രോസിക്യൂഷൻ നടപടി ഭയന്ന് ഒളിവിൽ പോകാനും സാധ്യതയുണ്ട്. പൊലീസ് റിപ്പോർട്ട് പ്രകാരം അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. മറ്റ് ഉറവിടങ്ങളിൽ നിന്ന് പ്രതികൾക്ക് ലഭിച്ച സഹായവും ഗൂഢാലോചന ഉണ്ടെങ്കിൽ അതും വെളിപ്പെടേണ്ടതായും അന്വേഷിക്കേണ്ടതായുമുണ്ടെന്നും കൃത്യത്തിലുൾപ്പെട്ട മറ്റു പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും കൃത്യത്തിനുപയോഗിച്ച ഉപകരണങ്ങളും ഗാഡ്ജറ്റും കണ്ടെത്തേണ്ടതുണ്ടെന്നുമുള്ള പൊലീസ് റിപ്പോർട്ടും പരിഗണിച്ചാണ് ജാമ്യഹർജികൾ കോടതി തള്ളിയത്.

പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വച്ച് 4 ദിവസം ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ കോടതി നൽകിയിരുന്നു. പരീക്ഷാ തട്ടിപ്പ് ഉപകരണങ്ങളുടെയും വ്യാജ ഐഡി കാർഡുകളുടെയും ഉറവിടം, കൃത്യത്തിലുൾപ്പെട്ട കോച്ചിങ് സെന്ററുകൾ, കൃത്യത്തിലുൾപ്പെട്ട കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യൽ, തെളിവു ശേഖരണം എന്നിവക്കായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പൊലീസ് കസ്റ്റഡി അപേക്ഷയിലായിരുന്നു കോടതി ഉത്തരവ്.

2023 ഓഗസ്റ്റ് 20 ന് നടന്ന പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. തലസ്ഥാന ജില്ലയിൽ സംഭവം നടന്നത് വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിലും പട്ടം സെന്റ്. മേരീസ് സ്‌കൂളിലുമായിട്ടായിരുന്നു. സിറ്റി മെഡിക്കൽ കോളേജ് , മ്യൂസിയം എന്നീ പൊലീസ് സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കോപ്പിയടിക്കുള്ള പ്രതിഫലം ഉദ്യോഗാർത്ഥികൾ മുൻകൂറായി നൽകണമായിരുന്നെന്നും അറസ്റ്റിലായ പ്രതികൾ പൊലീസിന് നൽകിയ കുറ്റസമ്മത മൊഴിയിൽ സമ്മതിച്ചു. കേരള പൊലീസ് ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളുകളഴിയുന്നത്.

പരീക്ഷാ തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ദീപക് ഷോഗന്റ്, റിഷിപാൽ, ലാഖ്വീന്ദർ എന്നിവരാണ് ഓഗസ്റ്റ് 28 ന് ഹരിയാനയിൽ നിന്നും അറസ്റ്റിലായത്. ഋഷിപാലിനു വേണ്ടി തിരുവനന്തപുരത്ത് എത്തി പരീക്ഷ എഴുതിയത് അമിത്ത് എന്നയാളായിരുന്നു. ഇയാളെ പരീക്ഷ നടന്ന ഓഗസ്റ്റ് 20 ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഹരിയാനക്കാരായ സുനിൽ , സുമിത് കുമാർ , റിഷിപാൽ എന്നിവരാണ് ആദ്യഘട്ടത്തിൽ അറസ്റ്റിലായത്.